
പത്തനംതിട്ട : ശബരിമല വികസനത്തിന് കഴിഞ്ഞ നാല് വർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയത് 1107.24 കോടി രൂപ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 879.44 കോടി രൂപ ചെലവഴിച്ചു. റോഡുകളും പാലങ്ങളും നിർമ്മിക്കാനാണ് കൂടതൽ തുകയും ചെലവാക്കിയത്.
ജില്ലയിലെ മിക്ക റോഡുകളും ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഏഴംകുളം - കൈപ്പട്ടൂർ റോഡ് ഇൗ വർഷത്തെ പ്രധാന പദ്ധതിയാണ്. മന്ത്രി മുഹമ്മദ് റിയാസാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു.
മഞ്ഞക്കടമ്പ് - മാവനാൽ ട്രാൻസ്‌ഫോർമർ ജംഗ്ഷൻ - ആനകുത്തി - കുമ്മണ്ണൂർ കല്ലേരി റോഡ് നിർമാണോദ്ഘാടനം കുമ്മണ്ണൂരിൽ മന്ത്രി നിർവഹിച്ചു. കോന്നി - വെട്ടൂർ - കൊന്നപ്പാറ റോഡ് കോന്നി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ജില്ലാ പ്രതീക്ഷയോടെ കാത്തിരുന്ന കോന്നി മെഡിക്കൽ കോളേജ് ആധുനിക നിലവരത്തിൽ 18 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ജില്ലയിലെ റോഡുകളുടെ നിലവാരം ഉയർത്തി. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയതിനാൽ ജില്ലയിലെ മിക്ക റോഡുകളും ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ കഴിഞ്ഞു. പുനലൂർ - മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവർഷത്തിനിടെ പകുതിയിലധികം റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് മാറി. അരുവാപ്പുലം പഞ്ചായത്തിലെ നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിലായി.
കോർ ടീം
വരുന്ന തീർത്ഥാടനത്തിന് മുൻപ് റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക കോർ ടീം രൂപീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ അതത് പ്രദേശങ്ങളിലെ എം.എൽ.എമാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേരുന്നതാണ് കോർ ടീം. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എൻജിനീയർ, ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തും. റോഡ് നിർമാണത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത് കോർ ടീമാണ്.
അടിസ്ഥാന സൗകര്യമേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വൻ കുതിച്ചു ചാട്ടമാണുണ്ടായത്. പുതിയ റോഡുകളും പാലങ്ങളും ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ കഴിഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ്
ശബരിമല വികസനത്തിന് കഴിഞ്ഞ
നാല് വർഷത്തിനിടെ ചെലവാക്കിയത് : 1107.24 കോടി രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |