
ചെറുതുരുത്തി: പഠനരംഗത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് കലാകായിക രംഗങ്ങളിൽ കുട്ടികളെ മുന്നോട്ടുകൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യു.ആർ.പ്രദീപ് എം.എൽ.എ. തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് ആറ്റൂർ അറഫ സ്‌കൂളിൽ സംഘടിപ്പിച്ച കലാമേളയിലെ രണ്ടാം ദിനത്തിൽ നടന്ന വിദ്യാഭ്യാസ കോൺക്ലേവ് 'സംവാദ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിന്റെ കാരണങ്ങളും ജനസംഖ്യയിലെ കുറവ് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ചർച്ചകൾ നടന്നു.
അറഫാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.അബ്ദുല്ല അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ്.ഹംസ വിഷയാവതരണം നടത്തി. സഹോദയ പ്രസിഡന്റ് ഡോ. ദിനേശ് ബാബു മോഡറേറ്ററായി പങ്കെടുത്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ, സഹോദയ സ്‌കൂൾ കോംപ്ലക്‌സ് ജനറൽ സെക്രട്ടറി ഷമീം ബാവ, ട്രഷറർ ബാബു കോയിക്കര, അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ അബ്ദുൽ ലത്തീഫ്, ജോയിന്റ് സെക്രട്ടറി എം.വി.സുലൈമാൻ, സാംസ്‌കാരിക പ്രവർത്തകൻ മുരളി വടക്കാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. സഹോദയ ജോയിന്റ് സെക്രട്ടറി വസന്ത മാധവൻ സ്വാഗതവും സഹോദയ വൈസ് പ്രസിഡന്റ് പി.എച്ച്.സജീവ് കുമാർ നന്ദിയും പറഞ്ഞു.
ദേവമാത മുന്നേറ്റം തുടരുന്നു...
ചെറുതുരുത്തി: തൃശൂർ സഹോദയ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 624 പോയിന്റുമായി തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂൾ മുന്നേറുന്നു. ആദ്യ ദിനം മുതൽ വ്യക്തമായ ലീഡ് ദേവമാതയ്ക്കുണ്ട്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാറമേക്കാവ് വിദ്യാമന്ദിറിന് 502 പോയിന്റാണ്. അഞ്ച് കാറ്റഗറിയിലായി 84 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. നിർമ്മലമാത 493, ചിന്മയ വിദ്യാലയ 490, ഐ.ഇ.എസ് 456 എന്നിങ്ങനെയാണ് പോയിന്റ് നില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |