
കൊല്ലം: 'എന്റെ മരണശേഷം ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം.' ഇതാ അതിനുള്ള സമ്മതപത്രം' മരണാനന്തരം ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകാൻ സമ്മതപത്രം നൽകിയിരിക്കുകയാണ് കൊല്ലം ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐയായ തേവലക്കര കിഴക്കേക്കര വയലുവീട്ടിൽ എസ്.സനിൽ കുമാർ (50).
സമൂഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്തയാണ് തീരുമാനത്തിലേക്ക് എത്തിച്ചത്. ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ ഫാമിലി കൗൺസിലറായ ഭാര്യ ഉമാദേവി പിന്തുണയ്ക്കുകയായിരുന്നു. മക്കളായ ഇന്ദ്രജിത്ത്, ആദീദ്ര, അൽഘ, അഫ എന്നിവർ കൂടി സമ്മതം മൂളിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗവുമായി ബന്ധപ്പെട്ടു. കഴിഞ്ഞമാസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയായ ഡോ.കെ.ബി.ഉഷാദേവിക്ക് സമ്മതപത്രം കൈമാറി.
കഴിഞ്ഞദിവസം അപ്രേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു.1999 ൽ സർവീസിൽ കയറിയ സനിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഒന്നരവർഷം മുമ്പാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗമായത്.
പൊലീസ് ഉദ്യോഗസ്ഥന്റെ വിൽപത്രം
ഒരാൾക്ക് മരണ ശേഷം തന്റെ ശരീരം പഠന ആവശ്യത്തിനായി മെഡിക്കൽ കോളജിന് നൽകണമെങ്കിൽ ആദ്യം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിൽ എത്തി ഫോം പൂരിപ്പിച്ച് നൽകണം. ഇതിൽ അടുത്ത ബന്ധുക്കളുടെ സമ്മതപത്രം വേണം. മൃതദേഹം വിട്ടുകൊടുക്കാമെന്ന വിവരങ്ങളുള്ള ഒരു വിൽപത്രം തയ്യാറാക്കണം. നോട്ടറി വേണം തയ്യാറാക്കാൻ. ഇതിന്റെ ഒരു കോപ്പി മൃതദേഹം നൽകാൻ ഉദ്ദേശിക്കുന്ന അനാട്ടമി വിഭാഗം അധികൃതർക്ക് കൈമാറണം. ഒരു കോപ്പി വീട്ടിൽ എല്ലാവരുടെയും അറിവോടെ സൂക്ഷിക്കാം. സ്വാഭാവിക മരണം സംഭവിച്ചതും കേട് സംഭവിക്കാത്തതുമായ മൃതദേഹമാണ് സ്വീകരിക്കുക. പോസ്റ്റ്മോർട്ടം ചെയ്തതോ അവയവദാനം ചെയ്തതോ (നേത്രദാനം ഒഴികെ) കഴിഞ്ഞതോ ആയ ശരീരങ്ങളും ഉപയോഗിക്കില്ല.
മരണശേഷം ശരീരം പാഠപുസ്തകമാക്കണമെന്നും വിദ്യാർത്ഥികൾക്ക് അറിവ് പകരുന്ന ഒന്നായി മാറണമെന്നുമുള്ള ആഗ്രഹമാണ് ശരീരം ദാനം ചെയ്യാന്‍ പ്രേരണയായത്.
സനിൽ കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |