കൊല്ലം: ഈശ്വരാരാധനയുടെ പരമപുണ്യഭാവമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാനവഴിപാട്. വിശക്കുന്നവന് ആഹാരം നൽകുകയാണ് ഈശ്വരനുള്ള ഏറ്റവും വലിയ അർച്ചനയെന്ന ദർശനമാണ് അന്നദാന വഴിപാടിലൂടെ ഇവിടെ സാർത്ഥകമാകുന്നത്.
പത്ത് രൂപയ്ക്ക് വരെ അന്നദാന വഴിപാട് നടത്താം. വഴിപാട് നടത്തുന്നവർക്ക് പ്രസാദമായി കഞ്ഞിയും പയറുകറിയും മുതിരക്കറിയും അടങ്ങിയ ഓച്ചിറ പരബ്രഹ്മത്തിന്റെ മഹാപ്രസാദം ലഭിക്കും. അതിന്റെ ബാക്കി പങ്ക് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പാവങ്ങൾക്കും നൽകും. പിതൃക്കളുടെ ശാന്തിക്കും അവരോടുള്ള കടമ നിറവേറ്റാനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സങ്കടങ്ങളിൽ നിന്നുള്ള മോചനത്തിനും നൂറുകണക്കിന് പേരാണ് ഇവിടെ ദിവസവും അന്നദാന വഴിപാട് നടത്തുന്നത്. വഴിപാട് കഴിക്കുന്നവർ മറ്റ് ഭക്തർക്കൊപ്പമിരുന്ന് പ്രസാദം കഴിക്കാം.
ദക്ഷിണ കേരളത്തില ഏറ്റവും
വലിയ അന്നദാനകേന്ദ്രം
ദക്ഷിണകേരളത്തിൽ എല്ലാദിവസവും ശുദ്ധിയോടെ ഏറ്റവും കൂടുതൽ പേർക്ക് അന്നം ദാനമായി നൽകുന്ന കേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. അന്നദാന വിഭവങ്ങൾ തയ്യാറാക്കുന്നതിലെ ശുദ്ധിയും കഴിക്കാനുള്ള മികച്ച സൗകര്യങ്ങളുമാണ് കൂടുതൽ പേരെ വഴിപാട് നടത്താൻ പ്രേരിപ്പിക്കുന്നത്.
നേരത്തെ ചോർന്നൊലിക്കുന്ന ഷെഡിലായിരുന്നു അന്നദാനം നടന്നിരുന്നത്. സമീപത്ത് നിന്നുള്ള ദുർഗന്ധം കാരണം ഭക്തരും വഴിപാട് നടത്തുന്നവരും അന്നദാന പ്രസാദം വാങ്ങി ദൂരെക്കൊണ്ടുപോയാണ് കഴിച്ചിരുന്നത്. 2010ൽ വി.സദാശിവൻ ഭരണസമിതി സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇന്ന് കാണുന്ന അന്നദാന മന്ദിരവും അന്നദാന പ്രസാദം പാചകം ചെയ്യുന്നതിന് അത്യാധുനിക യന്ത്രസംവിധാനങ്ങളും ഒരുക്കിയത്. ആയിരം പേർക്ക് ഇരുന്ന് കഴിക്കാവുന്ന ഹാളും നിർമ്മിച്ചു. സാധാരണ ദിവസങ്ങളിൽ ആയിരത്തിലധികം പേർക്കുള്ള അന്നദാനപ്രസാദം തയ്യാറാക്കും. വൃശ്ചികോത്സവ കാലത്ത് അയ്യായിരത്തിലധികം പേർക്കാണ് തയ്യാറാക്കുന്നത്. വർഷം 15 പിന്നിട്ടിട്ടും പാചകം ചെയ്യുന്ന യന്ത്ര സംവിധാനത്തിന് കാര്യമായ ഒരു കുഴപ്പവും വന്നിട്ടില്ല. ഫിൽറ്റർ ചെയ്ത വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
ഒരിക്കൽപ്പോലും മനുഷ്യന്റെ കൈ തൊടാതെ പൂർണമായും യന്ത്രസംവിധാനത്തിലാണ് അന്നദാനം പ്രസാദം തയ്യാറാക്കുന്നത്. അരിയും പയറും മുതിരയും അരിച്ച് പലതവണ കഴുകി, വേവിച്ച് കഴിക്കാൻ പാകത്തിൽ ലഭിക്കും. കഴിക്കാനുള്ള പാത്രം നൂറ് ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ച വെള്ളത്തിൽ കഴുകി വൃത്തിയാക്കി വച്ചിരിക്കും. ഭക്തർക്ക് വീണ്ടും കഴുകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രചോദനം പ്രീതി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹധർമ്മിണി പ്രീതി നടേശൻ എല്ലാവർഷവും പരബ്രഹ്മ ക്ഷേത്രത്തിലെത്തി അന്നദാനം നടത്തും. വി.സദാശിവൻ ഭരണസമിതി സെക്രട്ടറിയായതിന് പിന്നാലെ ക്ഷേത്രത്തിലെത്തി. അന്നത്തെ ചോർന്നൊലിക്കുന്ന താൽക്കാലിക ഷെഡ് ചൂണ്ടിക്കാട്ടി 'ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിലിരുന്ന് എങ്ങനെ പ്രസാദം കഴിക്കും സദാശിവാ' എന്ന് ചോദിച്ചു. ഇതോടെയാണ് വി.സദാശിവൻ അന്നദാന പ്രസാദം തയ്യാറാക്കാൻ ആധുനിക സംവിധാനവും അന്നദാന മന്ദിരവും നിർമ്മിക്കാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |