
ആലുവ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിലൂടെ സംസ്ഥാന സർക്കാർ അവസരത്തിനൊത്ത് ഉയർന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലുവ യൂണിയൻ ആസ്ഥാനമന്ദിരത്തിന് കല്ലിടാനെത്തിയ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട കോടിക്കണക്കിനു രൂപ ആദർശം പറഞ്ഞ് നഷ്ടപ്പെടുത്താതിരുന്നത് നല്ല കാര്യമാണ്. ഇതിന്റെ പേരിൽ സി.പി.എം-ബി.ജെ.പി അന്തർധാരയൊന്നുമില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയിൽ നിന്ന് ചർച്ച നടത്തി ആനുകൂല്യം നേടിയെടുക്കുന്നത് അന്തർധാരയല്ല,പ്രായോഗിക ബുദ്ധിയാണ്. നയം കാലാനുസൃതമായി മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം,സി.പി.ഐ ജീവിച്ചിരുപ്പുണ്ടെന്ന് അറിയിക്കാനാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ എതിർക്കുന്നത്. പാസാക്കിയെന്ന് പിണറായി വിജയൻ പറയുമ്പോൾ സി.പി.ഐയുടെ എതിർപ്പ് അടങ്ങും. അതോടെ അണ്ണനും തമ്പിയും യോജിക്കും. സി.പി.ഐ എത്രയോ വിഷയങ്ങളിൽ നിലപാട് മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ,ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ,ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു,സെക്രട്ടറി എ.എൻ. രാമചന്ദ്രൻ,യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവരും വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.
ദേവസ്വം ബോർഡുകൾ
പിരിച്ചുവിടണം
കേരളത്തിലെ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് സീനിയർ ഐ.എ.എസുകാരന്റെ നേതൃത്വത്തിൽ ഭരണസമിതിയെ നിയോഗിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ജൂനിയർ ഐ.എ.എസുകാരും ആർ.ഡി.ഒമാരും ജനപ്രതിനിധികളും ഭരണസമിതിയിൽ വേണം. ഫയലുകളെല്ലാം അവസാനം വകുപ്പ് മന്ത്രി ഒപ്പിടണം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കോഫി ബോർഡ്, കയർ ബോർഡ് പോലുള്ള ഭരണസമിതി വന്നാൽ അഴിമതി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |