
കണ്ണൂർ: ചെങ്കൽ ഖനനത്തിനാനുമതി ലഭിക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് ഒറ്റയടിക്ക് മൂന്നുലക്ഷമാക്കി ജിയോളജി വകുപ്പ്. നിർമ്മാണമേഖലയേയും ചെങ്കൽ വ്യവസായത്തെയും വലിയ തോതിൽ ബാധിക്കുന്നതാണ് തീരുമാനം. മഴക്കാലത്ത് അനുമതി തടഞ്ഞ ജില്ലാഭരണകൂടത്തിന്റെ ഉത്തരവിന് പുറമെയാണ് ചെങ്കൽമേഖലയ്ക്ക് മേൽ ജിയോളജി വകുപ്പിന്റെ ഇരുട്ടടി.
കണ്ണൂർ,കാസർകോട് ജില്ലകളിൽ നിന്നാണ് കേരളത്തിനകത്തേക്കും പുറത്തേക്കും ചെങ്കല്ലുകൾ പോകുന്നത്. നിലവിൽ രണ്ടാം ക്വാളിറ്റി കല്ലിന് 29 രൂപയും ഒന്നാം ക്വാളിറ്റിക്ക് 33 രൂപയുമാണ് പണകളിൽ ഈടാക്കുന്നത്. ഇത് ജില്ല കടന്ന് പോകുമ്പോൾ വിലയിൽ വലിയ വർദ്ധനവുണ്ട്. തെക്കൻ കേരളത്തിലെത്തുമ്പോൾ വില ഇരട്ടിയിലുമധികമാണ്. വർദ്ധിച്ച ഫീസും കാലാവസ്ഥ വ്യതിയാനവും കാരണം ഇരുജില്ലകളിലെ പല ചെങ്കൽ ക്വാറികളിലും ഖനനം നടക്കുന്നില്ല. ചെങ്കൽ ക്ഷാമത്തിനും ഇതുവഴി നിർമ്മാണജോലികൾ വൈകുന്നതിനുംഇത് വഴി വെച്ചിരിക്കുകയാണ്.
ചെങ്കല്ലുപയോഗം കുറയ്ക്കുന്നു
കല്ലുകൾ കിട്ടാതായതോടെ കേരളത്തിലെ മുഴുവൻ നിർമ്മാണ മേഖലകളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇനിയും വില കൂടിയാൽ പ്രതിസന്ധി രൂക്ഷമാകും. തെക്കൻ ജില്ലകളിൽ വിലക്കയറ്റം കാരണം ചെങ്കല്ലിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. വീട് നിർമ്മാണത്തിലടക്കം വിലവർദ്ധനവ് നിലവിൽ തന്നെ ബാധിക്കുന്നുണ്ട്. മതിലുൾപ്പെടെയുള്ള നിർമാണങ്ങൾക്കും ചെങ്കല്ല് ഉപയോഗിച്ചിരുന്നു.
ലൈസൻസില്ലാ ക്വാറികൾ കൂടുതൽ
ഖനാനുമതിയില്ലാതെ പ്രവർത്തിക്കുന്ന നിരവധി ക്വാറികളും ഇരുജില്ലകളിലുമുണ്ട്.ഇത്തരം ക്വാറികൾ ഫീസടക്കുകയോ നിയമപരമായ മറ്റ് നിർദ്ദേശങ്ങൾ പാലിക്കുയോ ചെയ്യുന്നില്ല. ഇത്തരക്കാരെ നിയന്ത്രിക്കാൻ പൊലീസ്, ജിയോളജി വകുപ്പ് നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൈക്കൂലിയാണ് നടപടി ഇല്ലാത്തതിന് പ്രധാന കാരണമെന്നും ആരോപണമുണ്ട്.
ദൈനംദിന ചെലവുകളും കഴിഞ്ഞ് പ്രതികൂല കാലാസ്ഥയിൽ കല്ല് മുറിച്ചാൽ ലാഭമൊന്നും കിട്ടുന്നില്ല. അതിന്റെ കൂടെ വൻതുക ഫീസും അടയ്ക്കേണ്ടി വരുന്നു. ഇത് കൂടാതെ പല ഇനങ്ങളിലായി ഭീമമായ പിഴയും ഈടാക്കുന്നു. ലക്ഷങ്ങൾ മുടക്കിയാണ് ക്വാറിക്കായുള്ള സ്ഥലം എടുക്കുന്നതും- ചെങ്കൽ ക്വാറി ഉടമകളിലൊരാൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |