
നവി മുംബയ്: വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ശക്തരായ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ പ്രതിക റാവല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പ്രതികയുടെ അഭാവം ഇന്ത്യക്ക് കനത്ത നഷ്ടമാണ്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ പ്രതിക തകര്‍പ്പന്‍ ഫോമിലായിരുന്നു. മഴ കാരണം നനഞ്ഞ ഔട്ട്ഫീല്‍ഡില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പ്രതികയുടെ കണങ്കാലിന് പരിക്കേറ്റത്.
പരിക്കേറ്റ് വീണ പ്രതികയ്ക്ക് പരസഹായമില്ലാതെ ഗ്രൗണ്ട് വിടാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. 25കാരിയായ പ്രതിക ഓസീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 10 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 75 റണ്‍സാണ് വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ താരം നേടിയത്. സ്മൃതി മന്ദാനയ്ക്ക് ഒപ്പം മികച്ച തുടക്കമാണ് ടൂര്‍ണമെന്റില്‍ മിക്ക മത്സരങ്ങളിലും പ്രതിക ഇന്ത്യക്ക് സമ്മാനിച്ചത്. ബംഗ്ലാദേശിനെതിരെ പരിക്കേറ്റത് കാരണം ബാറ്റ് ചെയ്യാന്‍ പ്രതിക എത്തിയിരുന്നില്ല. അമന്‍ജോത് കൗര്‍ ആണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.
അതേസമയം, ലോകകപ്പിലെ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങളില്‍ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ്മയെ ഉള്‍പ്പെടുത്തി. ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ ഷെഫാലി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. നിലവില്‍ വനിതകളുടെ നാഷണല്‍ ട്വന്റി 20 ടൂര്‍ണമെന്റില്‍ കളിക്കുകയായിരുന്നു താരം. ഈ ടൂര്‍ണമെന്റിലെ ലീഡിംഗ് റണ്‍ സ്‌കോറര്‍ ഷെഫാലി തന്നെയാണ്. ലോകകപ്പിന് മുമ്പ് പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിന് വേണ്ടി ന്യൂസിലാന്‍ഡിനെതിരെ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 49 പന്തുകളില്‍ നിന്ന് 70 റണ്‍സ് ആണ് ഷെഫാലി നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |