
ന്യൂഡൽഹി: ഡൽഹിയിൽ കൃത്രിമമായി മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് നടത്തിയതായി അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ വായു മലിനീകരണം തടയാനായാണ് കൃത്രിമമായി മഴ പെയ്യിക്കാനുള്ള
ഈ പരീക്ഷണം നടത്തിയത്. കാൺപൂരിൽ നിന്ന് പറന്നുയർന്ന വിമാനം ബുരാരി, നോർത്ത് കരോൾ ബാഗ്, ഭോജ്പൂർ, മയൂർ വിഹാർ, സഡക്പൂർ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിക്ക് മുകളിലുള്ള മേഘങ്ങളിൽ 15 മുതൽ 20 ശതമാനം വരെ അളവിൽ ഈർപ്പം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വൈകുന്നേരം 5 നും 6 നും ഇടയിൽ നഗരത്തിൽ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടൽ.
ശൈത്യകാലത്ത് വഷളാകുന്ന വായുവിന്റെ ഗുണനിലവാരം പരിഹരിക്കുന്നതിനുള്ള ഡൽഹി സർക്കാരിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണിത്. ബുരാരിയിലും സർക്കാർ ഈ പരീക്ഷണം നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സംയുക്തങ്ങളായ സിൽവർ അയോഡൈഡും സോഡിയം ക്ലോറൈഡും വിമാനത്തിൽ നിന്ന് ചെറിയ അളവിൽ പുറത്തുവിട്ടു. എന്നാൽ, അന്തരീക്ഷ ഈർപ്പം ആവശ്യമായ അളവിനും താഴെ ആയതിനാൽ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല. ദേശീയ തലസ്ഥാനത്തിന് ക്ലൗഡ് സീഡിംഗ് ഒരു ആവശ്യകതയാണെന്നും നഗരത്തിന്റെ നിരന്തരമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ ഈ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
മഴ പെയ്യിക്കാൻ മേഘങ്ങളിലേക്ക് സിൽവർ അയഡൈഡ് അല്ലെങ്കിൽ ഉപ്പ് കണികകൾ പോലുള്ള രാസവസ്തുക്കൾ ചേർത്ത് കാലാവസ്ഥയിൽ മാറ്റം ഉണ്ടാക്കുന്ന കൃത്രിമപ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. ഈ കണികകൾ ന്യൂക്ലിയസുകളായി പ്രവർത്തിക്കുന്നു, ഈർപ്പം ഘനീഭവിക്കുകയും ഒടുവിൽ മഴത്തുള്ളികൾ രൂപപ്പെടുകയും ചെയ്യുന്നു. മഴ പെയ്യിക്കാനും അതിലൂടെ വായുവിലെ മാലിന്യങ്ങൾ നീക്കി ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ രീതി സഹായിക്കും. എന്നാൽ, ഈ പരീക്ഷണം വിജയിക്കുന്നതിന് അന്തരീക്ഷത്തിൽ ആവശ്യമായ ഈർപ്പം ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |