
ഇന്ന് ധനമന്ത്രിയെ കാണും
തൃശൂർ: കാർഷിക സർവകലാശാലയ്ക്ക് 226 കോടിയുടെ ബാദ്ധ്യതയെന്ന് സർവകലാശാലാ അധികൃതർ. സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വി.സി ഡോ.ബി.അശോക് ധനമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെ കംപ്‌ട്രോളർ കെ.മദൻ കുമാർ ഇന്ന് മന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തിയേക്കും. ഗ്രാന്റ് കൂട്ടണമെന്ന് ആവശ്യപ്പെടും. സർക്കാർ നൽകുന്ന വിഹിതം അപര്യാപ്തമാണെന്നാണ് സർവകലാശാല ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് വർഷം വിഹിതം കിട്ടിയത് 25.72 ശതമാനമാണെന്നും സർക്കാരിന് നൽകിയ കത്തിൽ പറയുന്നു. പ്രതിസന്ധി മറികടക്കാൻ ഫീസ് വർദ്ധന അനിവാര്യമാണെന്നും മറ്റ് സർവകലാശാലകളേക്കാൾ ഫീസ് കുറവാണെന്നുമാണ് വിശദീകരണം. കഴിഞ്ഞദിവസം ഭാരിച്ച ഫീസ് താങ്ങാനാവാതെ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിരുദ വിദ്യാർത്ഥി അർജുൻ
പഠനം ഉപേക്ഷിച്ചത് വാർത്തയായിരുന്നു. ഫീ മൂന്നിരട്ടിയായിരുന്നു കൂട്ടിയത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ അഗ്രികൾച്ചർ ബിരുദ കോഴ്‌സിന് ചേർന്ന താമരശ്ശേരി പുതുപ്പാടി സ്വദേശി അരുൺ പഠനം നിറുത്തിയിരുന്നു. കാർഷിക സർവകലാശാലയ്ക്ക് കീഴിൽ തൃശൂർ, തിരുവനന്തപുരം, കാസർകോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ അഗ്രികൾച്ചർ, ഫോറസ്ട്രി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്‌സുകൾക്കായിരുന്നു വൻ ഫീസ് വർദ്ധന.
പഠനം നിറുത്തേണ്ടി വരില്ല
അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണത്താൽ പഠനം നിറുത്തേണ്ടി വരില്ലെന്ന് കാർഷിക സർവകലാശാല അധികൃതർ വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള സഹായം സർവകലാശാല നൽകുന്നുണ്ട്. ഇത് കൂടാതെ ഫീസ് കൺസെഷൻ ലഭിക്കാത്തതും, പ്രതിവർഷം അഞ്ച് ലക്ഷത്തിൽ താഴെ കുടുംബ വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ സ്‌കോളർഷിപ്പുമുണ്ട്.
ടി.സി വാങ്ങിയ വിദ്യാർത്ഥിയെ തിരിച്ചെത്തിക്കാൻ നീക്കം
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുത്തനെ കൂട്ടിയതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച വിദ്യാർത്ഥിയെ മടക്കിയെത്തിക്കാൻ നീക്കം. ബിരുദ വിദ്യാർത്ഥി അർജുനെ തിരികെ എത്തിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു.
ഫീസ് താങ്ങാനാകാതെ വെള്ളായണി കാർഷിക കോളേജിലെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച താമരശേരി സ്വദേശി അർജുൻ തന്റെ അവസ്ഥ വെളിപ്പെടുത്തി വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു സെമസ്റ്ററിന് 15,000 രൂപ ഫീസ് എന്നറിഞ്ഞാണ് മെറിറ്റിൽ അഡ്മിഷൻ നേടിയത്. എന്നാൽ ഓരോ സെമസ്റ്ററിനും 50,000 രൂപ ഫീസ് അടക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിക്ക് മറ്റുവഴിയില്ലാതായി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടാൻ കാരണമെന്ന് കാർഷിക സർവകലാശാല അധികൃതർ പറയുന്നു . സർവകലാശാലയ്ക്ക് 226 കോടി രൂപയുടെ ബാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വി.സി ധനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷം സർക്കാർ വിഹിതം കിട്ടിയത് 25.72% മാത്രമാണെന്നും കത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |