
തിരുവനന്തപുരം: സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക് മീറ്റിലെ പൊൻ,വെള്ളി തിളക്കവുമായി റാഞ്ചിയിൽ നിന്ന് പറന്നെത്തിയെങ്കിലും തന്റെ അവസാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനാകാതെ പോയ മുഹമ്മദ് അഷ്‌ഫഖിനെ നേരിട്ട് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഷ്‌ഫഖിനെ ഇന്നലെ ഓഫീസിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ആദ്യഅന്താരാഷ്ട്ര മീറ്റിലെ പ്രകടനത്തെപ്പറ്റി ആരാഞ്ഞു. കുടുംബ വിവരങ്ങളും വീട്ടിലെ സാമ്പത്തിക സ്ഥിതിയും ചോദിച്ചറിഞ്ഞു. വൈകാതെ സർക്കാർ അഷ്‌ഫഖിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ജൂനിയർ പ്രായത്തിൽതന്നെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിക്കപ്പെട്ട അഷ്ഫഖ് ഒരു സ്വർണവും രണ്ട് വെള്ളിയും നേടിയിരുന്നു. 400 മീറ്ററിലെ മികവ് കണ്ട് ഇന്ത്യൻ കോച്ച് റിലേ ടീമുകളിലേക്കുംകൂടി ഉൾപ്പെടുത്തിയതോടെയാണ് സ്കൂൾ കായികമേളയുടെ ഹീറ്റ്സിന്റെ സമയത്ത് എത്താനാകാതെപോയത്. തനിക്ക് ഫൈനലിന്‌മുമ്പ് ഒരു ട്രയൽസിനെങ്കിലും അവസരം ചോദിച്ച് സംഘാടകരെ സമീപിച്ചെങ്കിലും ഷെഡ്യൂൾ മാറ്റാനാവില്ലെന്ന കടുംപിടിത്തത്തിന് മുന്നിൽ താരത്തിന് കണ്ണീരോടെ ഗാലറിയിലിരുന്ന് സ്കൂൾ മീറ്റ് കാണേണ്ടിവന്നു. ഇതേപ്പറ്റി കേരള കൗമുദി വാർത്ത നൽകുകയും എഡിറ്റോറിയൽ എഴുതുകയും ചെയ്തിരുന്നു.
കായിക മന്ത്രിയുടെ സമ്മാനം
അഡിഡാസിന്റെ സ്‌പെഷ്യൽ സ്പൈക്ക്
ഇന്നലെ കായിക മന്ത്രി വി.അബ്ദു റഹിമാനേയും അഷ്ഫഖ് സന്ദർഷിച്ചിരുന്നു. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന സ്പെഷ്യൽ സ്പൈക്സ് അഷ്ഫഖിന്റെ പാകത്തിന് അനുസരിച്ച് അഡിഡാസ് കമ്പനിയിൽ ഓർഡർ ചെയ്ത് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |