
പീരുമേട്: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമടക്കം നാല് പേർക്കെതിരെ വാഗമൺ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിൽ. നാലാം പ്രതി വണ്ടിപെരിയാർ കറുപ്പുപാലം ഉരുണിയിൽ വീട്ടിൽ യു.എച്ച്. ഫൈസലിനെയാണ് (40) തിരുവനന്തപുരത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. വ്യാജ അഡ്വൈസ് മെമ്മോയും ഐഡന്റിറ്റി കാർഡും നൽകി കബളിപ്പിച്ച സംഭവത്തിലാണ് നടപടി. ഫൈസലിനെ കൂടാതെ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായിരുന്ന മുറിഞ്ഞിപ്പുഴ സ്വദേശി ബെന്നി പെരുവന്താനം, തിരുവനന്തപുരം സ്വദേശികളായ രാജേഷ്, പി.എസ്.സി ഓഫീസർ ചമഞ്ഞ് കബളിപ്പിച്ച അഗസ്റ്റ്യൻ എന്നിവർക്കെതിരെയാണ് ഏലപ്പാറ ബോണാമി സ്വദേശിയുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളേജിലും മരുമകൾക്ക് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂണിൽ ഏലപ്പാറയിൽ ടാക്സി ഡ്രൈവറായ ബോണാമി സ്വദേശിയുടെ വാഹനത്തിൽ ബെന്നി പെരുവന്താനം തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ പി.എസ്.സി വഴി നിരവധി നിയമനങ്ങൾ നടത്തുന്നുണ്ടെന്നും തനിക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണെന്നും ബെന്നി ടാക്സി ഡ്രൈവറെ ബോധിപ്പിച്ചു. പി.എസ്.സി ഉദ്യോഗസ്ഥർക്ക് നിയമനത്തിന് ക്വാട്ടയുണ്ടെന്നും അവർക്ക് നിശ്ചിത തുക നൽകിയാൽ കുട്ടികൾക്ക് ജോലി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ബെന്നി പെരുവന്താനം പറഞ്ഞിട്ടാണെന്ന് പറഞ്ഞ് തിരുവനന്തപുരംകാരൻ രാജേഷ് ഡ്രൈവറെ ഫോണിൽ വിളിച്ചു. മരുമകൾക്ക് ശ്രീചിത്രയിൽ സ്റ്റാഫ് നഴ്സാകാൻ 10 ലക്ഷം രൂപയും മകനെ ഇടുക്കി ആയുർവേദ കോളേജിൽ തെറാപ്പിസ്റ്റായി നിയമിക്കുന്നതിന് ഏഴ് ലക്ഷം രൂപയും ആവശ്യപ്പെട്ടു. അടുത്ത ദിവസം ബെന്നി പെരുവന്താനത്തിന് ഒപ്പം തിരുവനന്തപുരത്തെത്തിയപ്പോൾ ഫൈസലിനെ കണ്ടു. ഇവർക്കൊപ്പം രാജേഷിന്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ ആദ്യ ഗഡു നൽകി. ബാക്കി പണം പലതവണകളായി അക്കൗണ്ടിലൂടെയും വീട്ടിൽ വന്നും വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. 2024 ജൂലായ് രണ്ടിന് മരുമകൾക്ക് ശ്രീചിത്രയിൽ നിന്ന് അഭിമുഖത്തിന് കത്ത് ലഭിച്ചു. ഒഴിവുകൾ ബാക്കിയുണ്ടെന്നും മറ്റാളുകൾ ഉണ്ടെങ്കിൽ അറിയിക്കാനും രാജേഷ് പറഞ്ഞു. തുടർന്ന് ഡ്രൈവർക്ക് അറിയാവുന്ന അഞ്ച് പേരെ കൂടി പരിചയപ്പെടുത്തി. ഈ അഞ്ചുപേരിൽ നിന്നായി 38.30 ലക്ഷം രൂപ രാജേഷിന് നൽകി. എല്ലാവർക്കും അഭിമുഖ കത്തും ഹാൾടിക്കറ്റും അഡ്വൈസ് മെമ്മോയും കിട്ടി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെയായപ്പോഴാണ് പരാതി നൽകുന്നത്. പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം. സാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |