
തിരുവനന്തപുരം: ഇടുക്കി ഭൂഗർഭ വൈദ്യുതിനിലയം നവംബർ 11 മുതൽ ഡിസംബർ 10 വരെ അടച്ചിടും. 5, 6 നമ്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് നിലയം അടച്ചിടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
സീലുകൾ ശരിയായി പ്രവർത്തിക്കാത്തതു മൂലം വാൽവ് ബോഡിയിൽ കൂടി വെള്ളം പരിധിയിലധികമായി ലീക്ക് ചെയ്യുകയാണ്. ഇതുമൂലം ഭാവിയിൽ ഡൗൺസ്ട്രീം ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ സാധിക്കാതെ വരും.ഈ സാഹചര്യത്തിലാണ് നടപടി.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെ ബാധിക്കാവുന്നതാണ്. 4,5,6 നമ്പർ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവ് നമ്പർ രണ്ടിൽ അനുവദനീയമായതിലധികം ചോർച്ച കണ്ടെത്തിയിട്ടുള്ളതിനാൽ, യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി ഈ വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.
ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി?
പൂർണ ഷട്ട്ഡൗൺ കാലയളവിൽ പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉത്പാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബാങ്ക് ചെയ്യുകയും ചെയ്തു. നവംബർ ഡിസംബർ മാസങ്ങളിൽ നേരത്തെ ബാങ്ക് ചെയ്ത വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികളെടുത്തു. ഇതിലൂടെ അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |