
തിരുവനന്തപുരം: പി.എം ശ്രീയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്ന തീരുമാനം മന്ത്രിസഭാ യോഗത്തിന് തൊട്ടു മുൻപ് കക്ഷി നേതാക്കളായ മന്ത്രിമാരുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ യോഗത്തിൽ കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻ കുട്ടി, എ.കെ.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പുന:പരിശോധന പോരെന്നും ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ഉത്തരവാക്കി ഇറക്കണമെന്നും കെ.രാജൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ഘട്ടത്തിൽ അതിന് കഴിയില്ലെന്നും ,പുന:പരിശോധനയ്ക്കുള്ള സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികളാവാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇതിനെ ആരും എതിർത്തില്ല. പിന്നീട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് ഈ വിഷയം അവതരിപ്പിച്ചത്. ആരും എതിരഭിപ്രായം പറഞ്ഞില്ല. പി.എം.ശ്രീ പദ്ധതി നടപടികൾ താത്കാലികമായി നിറുത്തണമെന്ന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കിയ ശേഷമാണ് മന്ത്രിസഭാ യോഗം തുടങ്ങിയത്. പി.എം ശ്രീയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ,മറുപടി പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ ഇതിനു പറ്റിയ സമയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി . ഇനി തിരക്കുള്ള സമയമല്ലേ വരുന്നതെന്നും (തിരഞ്ഞെടുപ്പെന്നു പറയാതെ) ഇതു കഴിഞ്ഞു റിപ്പോർട്ട് വന്ന ശേഷം മറുപടി പറയാമെന്നുമായിരുന്നു പ്രതികരണം. മന്ത്രിസഭാ ഉപസമിതിയുടെ പഠനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. വേഗത്തിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐയുടെ എതിർപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹ...ഹ...ഹ എന്ന പതിവു ശൈലിയിലെ ചിരിയായിരുന്നു പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |