
കാസർകോട് ∶ കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിച്ച ബോയ്‌ലർ പ്രവർത്തിച്ച ഓപ്പറേറ്റർക്ക് ലൈസൻസില്ലെന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് കണ്ടെത്തി. അപകടത്തിൽ അസം സ്വദേശി ഉദയ്ഗുരി ബിസ്‌ഖുട്ടി ചെങ്കൽമറെയിലെ നജീറുൽ അലി കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ബോയിലർ പൊട്ടിത്തെറിച്ചതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയത്. ലൈസൻസില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളാണ് ബോയ്‌ലർ ഓപ്പറേറ്റ് ചെയ്‌തത്. ബോയ്‌ലർ ഓപ്പറേറ്റർക്ക് നിർബന്ധമായും ലൈസൻസ് വേണമെന്ന നിയമം ഫാക്ടറി അധികൃതർ ലംഘിച്ചതായും അധികൃതർ കണ്ടെത്തി.
ബോയിലറിലേക്കുള്ള വെള്ളം കുറഞ്ഞു
ബോയ്‌ലറിലേക്കുള്ള വെള്ളത്തിന്റെ സപ്ലൈ കുറഞ്ഞതിനെ തുടർന്ന് അമിതമായി ചൂടുപിടിച്ചത് സ്ഫോടനത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികൾ നൽകിയ മുന്നറിയിപ്പുകൾ ഫാക്ടറി അധികൃതർ അവഗണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 27ന് വൈകിട്ട് 7.10ഓടെയാണ് അപകടം നടന്നത്.
സി.സി ടി.വി ദൃശ്യങ്ങളിൽ അപകടത്തിന് മുൻപായി തൊഴിലാളികൾ ബോയ്‌ലറിന് സമീപം കൂട്ടം കൂടി നിന്നതായും ദൃശ്യത്തിലുണ്ട്. ബോയ്‌ലർ വിഭാഗം, വൈദ്യുതി കണക്ഷൻ, ഉപകരണങ്ങൾ എന്നിവയും അന്വേഷണ സംഘം പരിശോധിച്ചു.
ഫാക്ടറി ഉടമയ്ക്കെതിരെ കേസെടുക്കാൻ പൊലീസ്
സുരക്ഷാ വീഴ്ചകൾ വ്യക്തമായ സാഹചര്യത്തിൽ ഫാക്ടറി ഉടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും മറ്റു കുറ്റങ്ങൾക്കും പൊലീസ് കേസെടുക്കും. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിന്റെ റിപ്പോർട്ട് ഔദ്യോഗീകമായി ലഭിച്ച ശേഷമായിരിക്കും തുടർനടപടി. . അപകടത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുമെന്നും വ്യവസായ കേന്ദ്രത്തിലെ മറ്റ് ഫാക്ടറികളിലും സുരക്ഷാ പരിശോധന കർശനമാക്കുമെന്നും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |