
ഇരിട്ടി:വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ഓപ്പറേഷൻ ഗജമുക്തി രണ്ടാംഘട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കി. ആറളം ഫാം പുനരധിവാസ മേഖലയിലേയും ആറളം ഫാമിലേയും ഉൾപ്പെടെ 10 കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനമാണ് ശ്രമകരമായ ദൗത്യത്തിന് ശുഭപര്യവസാനമുണ്ടാക്കിയത്. കണ്ണൂർ ഡി.എഫ്എ എസ്.വൈശാഖ് ,കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ്
വാർഡൻ രമ്യ രാഘവൻ,ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 19 അംഗ ദൗത്യസംഘവും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് നിർണ്ണായകമായ ഈ ദൗത്യം ഏറ്റെടുത്തത്.
ആദ്യം ബ്ലോക്ക് ഏഴിൽ വയനാടൻ കാടിന്റെ ഭാഗത്ത് തമ്പടിച്ചിരുന്ന ഒരു കൊമ്പനാനയെ ടീം കൃത്യമായി ട്രാക്ക് ചെയ്ത്
ബ്ലോക്ക് 8 ഹെലിപ്പാഡ് ഭാഗത്തേക്ക് വിജയകരമായി തുരത്തിയായിരുന്നു തുടക്കം.ഹെലിപ്പാട് ഭാഗത്ത് തമ്പടിച്ചിരുന്ന 9 കാട്ടാനകളടങ്ങുന്ന കൂട്ടത്തെ വട്ടക്കാട് വഴി താളിപ്പാറ ഭാഗത്തേക്ക് എത്തിക്കാനും ദൗത്യസംഘത്തിന് ഏറെ നേരത്തെ പരിശ്രമത്തിലൂടെ സാധിച്ചു. ഈ കാട്ടാനക്കൂട്ടത്തെ തളിപ്പാറ റോഡ് കടത്തി പുതുതായി നിർമ്മിച്ച സോളാർ ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയാണ് ദൗത്യം പൂർത്തീകരിച്ചത്.
രണ്ട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ കാട്ടാനകളെ വനമേഖലയിലേക്ക് തിരിച്ചയച്ച ദൗത്യസംഘത്തിലെ ഓരോ അംഗത്തിന്റെയും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് വിജയം സമ്മാനിച്ചത്. പ്രദേശവാസികൾക്ക് ആശ്വാസം നൽകുന്ന ഈ വിജയം വന്യജീവി – മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു-കണ്ണൂർ ഡി.എഫ്എ എസ്.വൈശാഖ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |