
തിരുവനന്തപുരം: വി.ഡി.സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്നും, കോൺഗ്രസിന്റെ സെമിനാറിൽ പോകുന്നത് തെറ്റാണെന്ന് പറയാൻ നമ്മളെയെല്ലാം കൂട്ടിൽ അടച്ചിട്ടിരിക്കുകയാണോയെന്നും മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ .
പ്രൊഫ.ടി.ജെ ചന്ദ്രചൂഢൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു പാർട്ടിയിലേക്ക് പോകുന്നുവെങ്കിൽ അന്തസായി പറഞ്ഞിട്ട് പോകുന്നതിൽ
തെറ്റില്ല. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടം. ഇതിന് മാറ്റം വരുന്നത് രാഷ്ട്രീയ സാഹചര്യത്തിനും ബി.ജെ.പിയുടെ വളർച്ചയ്ക്കും അനുസരിച്ചായിരിക്കും. അഖിലേന്ത്യ തലത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളുമെല്ലാം ഇന്ത്യാ മുന്നണിയെന്ന പേരിൽ ഒറ്റക്കെട്ടാണ്. തമിഴ്നാട്ടിലും,രാജസ്ഥാനിലും കോൺഗ്രസും സി.പി.എമ്മുമെല്ലാം ഒന്നിച്ച് നിന്നപ്പോഴാണ് സീറ്റ് കിട്ടിയത്. ബംഗാളിൽ ഒന്നിച്ചു നിന്നാണ് മത്സരിച്ചത്. പാർട്ടി സമ്മേളനം കൊല്ലത്ത് നടന്നപ്പോൾ തരൂരിനെ വിളിച്ചു പ്രസംഗിപ്പിച്ചു.
സി.പി.എമ്മിന്റെ സൈന്യം, സൈബർ പോരാളികളല്ല പാർട്ടി അംഗങ്ങളാണ്.രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ തന്തയ്ക്ക് വിളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
തികഞ്ഞ കമ്യൂണിസ്റ്റ്:
വി.ഡി. സതീശൻ
നീതിമാനായ ഭരണാധികാരിയാണ് ജി.സുധാകരനെന്ന് വി.ഡി സതീശൻ പറഞ്ഞു.
താൻ കണ്ടതിൽ ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് . തങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. അധികാരത്തിലുള്ളവരുടെ ചുറ്റും അവതാരങ്ങളും വിദൂഷകരും സ്തുതിപാഠകരും തിങ്ങിനിറയുന്ന കാലത്ത് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയുന്നവരെ ആദരവോടെ നോക്കി കാണണമെന്നും സതീശൻ പറഞ്ഞു.ഷിബു ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. സി.പി ജോൺ, എ.എ അസീസ്, ബാബു ദിവാകരൻ, സി.ഗൗരിദാസൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |