
രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് കർണാടകയെ നേരിടുന്നു
മംഗലപുരം സ്റ്റേഡിയത്തിലെ ആദ്യ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് മത്സരം
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ മൂന്നാമത്തെ മത്സരത്തിനായി കേരളം ഇന്ന് തിരുവനന്തപുരം മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിലിറങ്ങുന്നു. മുൻ ചാമ്പ്യന്മാരായ കർണാടകയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തിൽ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിംഗ് ലീഡ് വഴങ്ങി സമനില സമ്മതിച്ചിരുന്നു. മംഗലപുരം സ്റ്റേഡിയത്തിലെ ആദ്യ ഫസ്റ്റ്ക്ളാസ് മത്സരത്തിൽ വിജയത്തുടക്കമിടാനാണ് മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന കേരളം ആഗ്രഹിക്കുന്നത്.
പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും ഓപ്പൺ ചെയ്ത വത്സൽ ഗോവിന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിലായതിനാൽ സഞ്ജു സാംസണും ടീമിനൊപ്പമില്ല. പകരം കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ഇന്ത്യൻ താരം മായങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ മലയാളിയായ കരുൺ നായർ, അഭിനവ് മനോഹർ, ശ്രേയസ് ഗോപാൽ, തുടങ്ങിയ കരുത്തരടങ്ങിയതാണ് കർണ്ണാടക ടീം. കഴിഞ്ഞ മത്സരത്തിൽ കരുൺ നായർ പുറത്താകാതെ 174 റൺസ് നേടിയിരുന്നു.
രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് കർണ്ണാടകയ്ക്കുള്ളത്. കേരളത്തിന് രണ്ട് പോയിന്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |