
കൃത്യ സമയത്തിനുള്ളില്‍ ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കിയാല്‍ വീട്ടുമുറ്റത്ത് പോര്‍ഷെയുടെ അത്യാഡംബര കാര്‍ എത്തും. ചൈനയിലെ ഒരു ജിമ്മിലെ പരസ്യം വൈറലായി മാറിയിരിക്കുകയാണ്. പക്ഷേ അത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കാര്യമല്ല ജിം അധികൃതര്‍ ടാസ്‌ക് ആയി നല്‍കിയിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഓഫര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മൂന്ന് മാസം കൊണ്ട് 50 കിലോഗ്രാം ശരീരഭാരം കുറയ്ക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പോര്‍ഷെയുടെ പനമേറ കാറിന്റെ സെക്കന്റ് ഹാന്‍ഡ് ഒരെണ്ണം സ്വന്തമാക്കാം.
2020 മോഡല്‍ കാറാണ് ടാസ്‌ക് പൂര്‍ത്തിയാക്കുന്നയാള്‍ക്ക് നല്‍കുക. ചൈനീസ് മാദ്ധ്യമമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലാണ് ഇത്തരമൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലാണ് ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്ത ശരിയാണെന്ന് ജിം അധികൃതര്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ജിമ്മില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചാലഞ്ച് ആരംഭിച്ചിട്ടുണ്ട്. 30 പേരെ മത്സരാര്‍ത്ഥികളായി കിട്ടിക്കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ അവസാനിക്കുമെന്നും അധികൃതര്‍ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
എന്നാല്‍ ഉയര്‍ന്ന തുകയാണ് രജിസ്‌ട്രേഷന്‍ ഫീസായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ചൈനീസ് കറന്‍സിയായ 10,000 യുവാന്‍ ( 1.24 ലക്ഷം രൂപ ) ആണ്. എന്നാല്‍ മൂന്ന് മാസം കൊണ്ട് 50 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അതുപോലെ തന്നെ ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ചെറിയ കാലയളവില്‍ 50 കിലോഗ്രാം ഭാരം കുറയ്ക്കണമെങ്കില്‍ അതികഠിനമായ വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടിവരും. ഉറക്കം, മസില്‍ റിക്കവറി പോലുള്ള കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |