
കോതമംഗലം: തലമുടി നാരിഴ പോലും മികവോടെ കൊത്തിവെച്ച ശില്പങ്ങൾ. കുട്ടി ശില്പികളുടെ നിരീക്ഷണ പാടവത്തിനും കൊടുക്കണം നൂറു മാർക്ക്. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം ക്ലേ മോഡലിംഗ് മത്സരത്തിലാണ് മിഴിവാർന്ന കളിമൺ ശില്പങ്ങൾ ഒരുങ്ങിയത്.
ഹൈസ്കൂൾ വിഭാഗത്തിന് ചെരുപ്പ് തുന്നുന്ന തൊഴിലാളിയും ഹയർസെക്കൻഡറി വിഭാഗത്തിന് കുട്ട നെയ്യുന്ന സ്ത്രീയുമായിരുന്നു വിഷയം. മൂന്നു മണിക്കൂർ സമയം കൊണ്ട് 28 വ്യത്യസ്തമാർന്ന ശില്പങ്ങൾ. കുട്ടകൾ ഒരുപാട് നെയ്ത് കൂട്ടി വെച്ചിരിക്കുന്നതും കുട്ട നെയ്യുമ്പോഴുള്ള സൂക്ഷ്മമായ നോട്ടവും എല്ലാം കിറുകൃത്യം. ചെരുപ്പ് തുന്നുന്ന ആളുടെ ഇരിപ്പിടത്തിനു ചുറ്റിനും ഉള്ള സൂചി വരെ ശിൽപ്പത്തോടൊപ്പം ഒരുക്കിയവരും ഉണ്ട്. 14 സബ് ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഇരുവിഭാഗത്തിലും മാറ്റുരച്ചത്. ശില്പങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചമായപ്പോൾ ഒന്നിലേറെ പേർക്ക് എ ഗ്രേഡ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |