
അങ്കമാലി: അങ്കമാലിയിൽ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്, കുഞ്ഞിന്റെ അമ്മൂമ്മ റോസി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി. സംഭവത്തിൽ റോസിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. . മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടുന്ന മുറയ്ക്ക് ചോദ്യംചെയ്യും.
ഡൽനയുടെ സഹോദരൻ ഡാനിയുടെ (4) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേ, ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് പരിശോധനയിൽ റോസിയുടെ മുറിയിൽ കത്തി കണ്ടെത്തി. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം നാളെ കളശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |