
1.6 കോടി രൂപ മരവിപ്പിച്ച് സൈബർ പൊലീസ്
കൊച്ചി: കൊച്ചിയിൽ പ്രമുഖ ഡോക്ടറെ 'വെർച്വൽ അറസ്റ്റി"ലാക്കി 1.30 കോടി രൂപ തട്ടിയെടുത്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം 1.6 കോടി രൂപയുടെ തുടർ കൈമാറ്റം സൈബർ പൊലീസ് മരവിപ്പിച്ചു. എറണാകുളം ചാത്ത്യാത്ത് റോഡിലെ ടാറ്റ ട്രിവിയം ഐക്കോണിക് ടവർ 14 ബിയിൽ താമസിക്കുന്ന വി.ജെ. സെബാസ്റ്റ്യനാണ് (81) തട്ടിപ്പിന് ഇരയായത്.
സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ തട്ടിപ്പുകാർ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് ഡോക്ടറെ വെർച്വൽ അറസ്റ്റിലാക്കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. ദിവാലി സിംഗ്, പ്രണവ് ദയാൽ, മറ്റൊരു ഉത്തരേന്ത്യക്കാരൻ എന്നിവരെ പ്രതി ചേർത്താണ് കേസ്.ടെലികോം വകുപ്പിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടത്. ഡോക്ടറുടെ മൊബൈൽ നമ്പർ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസെടുത്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനെ വാട്സ്ആപ്പിൽ വീഡിയോ കോളിലെത്തി വെർച്വൽ അറസ്റ്രാണെന്ന് തെറ്റിദ്ധരിപ്പിച്ച് തടഞ്ഞു വച്ചു. ഡോക്ടറുടെ പക്കലുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റി. പരിശോധന കഴിഞ്ഞ് തിരികെ നൽകുമെന്നാണ് അറിയിച്ചത്. പണം തിരികെ കിട്ടാതായതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ പരാതിപ്പെട്ടു.തുടർന്നാണ് 1.06 കോടി തിരിച്ചു പിടിക്കാനായത്.
മുതിർന്ന പൗരന്മാരെയാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാക്കുന്നത്. വെർച്വൽ അറസ്റ്റ് നിയമപരമല്ലെന്നും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930 നമ്പറിലോ www.cybercrime.gov.in വെബ്സൈറ്റിലോ പരാതിപ്പെടണമെന്നും പൊലീസ് അറിയിച്ചു. ഫ്രീസ് ചെയ്ത പണം വൈകാതെ ഡോക്ടർക്ക് തിരികെ കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |