
കൊച്ചി: പരിസ്ഥിതിക്കു ഭീഷണിയായ കറുത്ത വാറ്റിൽ മരങ്ങളെ നശിപ്പിച്ച് 475 ഹെക്‌ടർ പുൽമേട് പുനഃസൃഷ്‌ടിച്ച് വനംവകുപ്പ്. പരിസ്ഥിതിസ്നേഹികളുടെ പങ്കാളിത്തത്തോടെയാണ് 10 വർഷംനീണ്ട പരിശ്രമം വിജയംകണ്ടത്. മൂന്നാറിലെ പാമ്പാടുംചോല നാഷണൽ പാർക്കിൽ ശേഷിക്കുന്ന 600 ഹെക്‌ടറിൽ ദൗത്യം തുടരുകയാണ്.
1970നും 1990നുമിടയിലാണ് യൂക്കാലിപ്‌റ്റസിനും പൈനിനുമൊപ്പം വിദേശിയായ വാറ്റിലിനെയും നട്ടുവളർത്തിയത്. വാറ്റിൽ വ്യാപിച്ചതോടെ പുൽമേടുകളും ചെറിയ ചെടികളും നശിച്ചു. തവള പോലുള്ള ചെറുജീവികളും പൂമ്പാറ്റകളും അപ്രത്യക്ഷമായി. മലനിരകളിലെ ജലശേഖരം കുറഞ്ഞു. മണ്ണിന്റെ ഘടനയിലും മാറ്റങ്ങളുണ്ടായി.
2015 മാർച്ചിൽ പാമ്പാടുംചോലയിലുണ്ടായ തീപിടിത്തത്തിൽ 40 ഹെക്‌ടറിലെ വാറ്റിൽ നശിച്ചപ്പോഴാണ് ശേഷിച്ചവയെയും നശിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. വിത്തുകായ മണ്ണിൽ വീണ് വളരുന്നത് തടയുകയായിരുന്നു ആദ്യദൗത്യം. തൈകൾ വേരോടെ പറിച്ചുകളയണം.
വനം ജീവനക്കാർക്ക് തനിയെ കഴിയാത്ത ദൗത്യം പൂർത്തിയാക്കാൻ അന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡനായിരുന്ന ജി. പ്രസാദ് പോംവഴി കണ്ടു. കോളേജ് വിദ്യാർത്ഥികൾ, നേച്ചർ സൊസൈറ്റികൾ എന്നിവയുടെ 150ലേറെ ക്യാമ്പുകൾ സംഘടിപ്പിച്ചു. അയ്യായിരത്തിലേറെ വിദ്യാർത്ഥികളും പരിസ്ഥിതിസ്‌നേഹികളും ഘട്ടങ്ങളായി അണിനിരന്നു. പറിച്ചു നീക്കിയ വാറ്റിൽ തൈകളുംവേരും കായുമുൾപ്പെടെ കത്തിച്ചു. പിന്നാലെ പുല്ല് നട്ടു. വിത്ത് വിതറി. വർഷങ്ങൾ കൊണ്ട് 475 ഹെക്‌ടറിൽ സ്വാഭാവിക പുൽമേടുകൾ വളർന്നു. ജൈവവൈവിദ്ധ്യം തിരിച്ചെത്തി.
വാറ്റിൽ
• ശാസ്ത്രനാമം: അക്കേഷ്യ മീയാറിൻസി
• വിളിപ്പേര്: കറുത്ത വാറ്റിൽ
• ആസ്ത്രേലിയൻ വംശജൻ
• തടിയിൽ ടാനിൻ രാസവസ്തു സമൃദ്ധം
• വിറകിന് ഉപയോഗിക്കുന്നു
• ലോകം വെറുക്കുന്ന അധിനിവേശ മരം
2021ലെ ഇക്കോ റെസ്‌റ്ററേഷൻ പദ്ധതിയിൽ 600 ഹെക്‌ടറിലെ വാറ്റിൽ നശിപ്പിക്കാൻ പ്രവർത്തനം തുടരുകയാണ്.
കെ.വി. ഹരികൃഷ്‌ണൻ
വൈൽഡ് ലൈഫ് വാർഡൻ, മൂന്നാർ
വാറ്റിൽ നീക്കി പുൽമേട് വീണ്ടെടുക്കേണ്ടത് ജൈവവ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് പദ്ധതി ആരംഭിച്ചത്.
ജി. പ്രസാദ്
ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ (ടിമ്പർ)
(മുൻ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |