
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന വെബ് ആപ്ലിക്കേഷന് രൂപംനൽകി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിലൂടെ എട്ടുമീറ്റർ വരെ ഉയരമുള്ള സംരക്ഷണഭിത്തികൾ എളുപ്പത്തിൽ രൂപകല്പന ചെയ്യാനാകും. കേരളത്തിലുടനീളമുള്ള മണ്ണിന്റെ ഉപരിതലത്തിനടിയിലെ ജിയോടെക്നിക്കൽ വിവരങ്ങൾ (ബോർലോഗ് ഡാറ്റ) സമാഹരിച്ച് കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള ജിയോഡാറ്റാബേസും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ സംയോജിപ്പിച്ചു. ഇവയുടെ രണ്ടിന്റെയും ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
നൽകുന്ന സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കേണ്ട സംരക്ഷണ ഭിത്തിയുടെ ഡിസൈൻ, ഉപയോഗിക്കേണ്ട വസ്തുക്കളുടെ അളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. 200ലധികം മേഖലകളിലെ മണ്ണ് പരിശോധനാഫലങ്ങൾ പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിൽ നിന്ന് ശേഖരിച്ച് ജിയോസ്‌പേഷ്യൽ റഫറൻസുകൾ നൽകിയാണ് ബോർലോഗ് ഡാറ്റാബേസ് തയ്യാറാക്കിയിട്ടുള്ളത്.
വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത്, ഭൂപടത്തിലെ നിർദ്ദിഷ്ട മേഖലയിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെടുക്കാം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് ഡാറ്റാബേസ് അനുദിനം വിപുലപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
പൊതുമരാമത്ത് ചീഫ് എൻജിനിയർമാരായ ടി.എസ്.സുജാറാണി (ഡിസൈൻ), അജിത് രാമചന്ദ്രൻ (റോഡ്സ്), ഹൈജിൻ ആൽബർട്ട് (ബ്രിഡ്ജസ്), കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ, ഐ ആൻഡ് ക്യുസി ഡയറക്ടർ ഹേമ രാജ്, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ഷെമി എസ്.ബാബു, ഡെപ്യൂട്ടി ഡയറക്ടർമാരായ സോണി.ജെ.എസ്.ഡി, എസ്.ഗിരീഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ സോനു ജി.കൃഷ്ണൻ, തഫ്സിൽ, ടെക്നിക്കൽ എക്സ്‌പേർട്ട് (സർവേയിംഗ്) അരുൺ ആർ.നാഥ്, പി.ഡബ്ളിയു.ഡി അസിസ്റ്റന്റ് എൻജിനിയർ ഐശ്വര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |