
കൊല്ലം: ചവറ പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആവർത്തിച്ച് പറയുമ്പോൾ ഭാര്യ സിന്ധുവിന്റെ ഉള്ള് പിടയുകയാണ്. തന്നെയും രണ്ട് പെൺമക്കളെയും അനാഥരാക്കിയ ആശുപത്രിയിലെ അനാസ്ഥകളും ക്രൂരതകളും സിന്ധു അക്കമിട്ട് പറയുന്നു.
1. കൃത്യമായി പരിശോധിച്ചില്ല
ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം നിർദ്ദേശിച്ചുള്ള റിപ്പോർട്ടുമായി ചെന്നിട്ടും മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാത്രി സാധാരണ വാർഡിലേക്കാണ് മാറ്റിയത്. അന്നുരാത്രി അവിടെ തണുത്ത തറയിലാണ് കിടന്നത്. വേണുവിന്റെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കാൻ അന്നുരാത്രി കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ തയ്യാറായില്ല.
2. ചികിത്സാ വിവരങ്ങൾ പറഞ്ഞില്ല
തിങ്കളാഴ്ച രാവിലെ മാത്രമാണ് കാർഡിയോളജിസ്റ്റ് വേണുവിനെ പരിശോധിച്ചത്. ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം നടത്താമെന്നാണ് പറഞ്ഞത്. അതിനുള്ള സമയം കഴിഞ്ഞുപോയെന്ന ഇപ്പോഴത്തെ വാദമൊന്നും അപ്പോൾ പറഞ്ഞിരുന്നില്ല. ബുധനാഴ്ചത്തെ ആൻജിയോഗ്രാമിന്റെ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ബെഡ് ഒഴിവില്ലെന്നാണ് പറഞ്ഞത്. ഡോക്ടർമാർ മിന്നായം പോലെയാണ് വാർഡിൽ വന്നുപോയിരുന്നത്. ചൊവ്വാഴ്ച നല്ല വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ മാത്രമാണ് പുതിയ മരുന്ന് കുറിച്ചത്. കാർഡിയോളജിസ്റ്റ് ഒരു തവണ മാത്രമാണ് വേണുവിനെ നോക്കിയത്. ബാക്കി പരിശോധന നടത്തിയതെല്ലാം വാർഡ് ഡ്യൂട്ടി ഡോക്ടർമാരാണ്. ക്രിയാറ്റിൻ ലെവൽ 1.6 മാത്രമായിരുന്നു. ആ റിപ്പോർട്ട് പരിശോധിക്കാതെയാണ് ഇപ്പോൾ ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നുവെന്ന് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് എക്കോ എടുക്കാൻ പറഞ്ഞത്.
3. വീൽചെയർ പിടിക്കാനും ആളില്ല
ശനിയാഴ്ച രാത്രി വാർഡിലേക്ക് മാറ്റുമ്പോൾ വേണു തീരെ അവശനായിരുന്നു. തന്റെ കൈയിൽ വസ്ത്രങ്ങളടങ്ങിയ ബാഗും സഞ്ചിയുമൊക്കെ ഉണ്ടായിരുന്നു. വീൽചെയർ എടുക്കാൻ പോകാനായി അവ പിടിക്കുമോയെന്ന് യൂണിഫോമിട്ടയാളോട് ചോദിച്ചപ്പോൾ അത് തന്റെ ജോലിയല്ലെന്നാണ് പറഞ്ഞത്. അറ്റൻഡർമാർ കറങ്ങിത്തിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം ഒ.പിയിലേക്ക് മാറ്റിയപ്പോഴും താനാണ് വേണുവിന്റെ വീൽചെയർ തള്ളിയത്.
4. മനുഷ്യത്വമില്ലാത്ത പെരുമാറ്റം
ഞായറാഴ്ച വേണുവിന് തലവേദന എടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ നഴ്സുമാരോട് അക്കാര്യം പറഞ്ഞു. ഡോക്ടർ പറയാതെ മരുന്നൊന്നും തരാൻ കഴിയില്ലെന്ന മനുഷ്യത്വമില്ലാത്ത മറുപടിയാണ് നൽകിയത്. വേണുവിന്റെ ചുണ്ടും കൈയുമെല്ലാം വിറച്ചുതുടങ്ങിയതിന് പിന്നാലെ ചെന്നു പറഞ്ഞപ്പോഴാണ് ഡോക്ടറെ വിളിച്ചത്. അറ്റൻഡർമാരുടെ പെരുമാറ്റവും ഇങ്ങനെയായിരുന്നു. ഒരു സഹായത്തിനും ആരുമുണ്ടായിരുന്നില്ല. എല്ലാവർക്കും അവജ്ഞയായിരുന്നു. എല്ലായിടത്തും വീൽചെയറിൽ തള്ളിക്കൊണ്ടുപോയത് താനാണ്. ബുധനാഴ്ച നെഞ്ചുവേദന രൂക്ഷമായപ്പോൾ വേണുവിനെ ഐ.സി.യുവിലേക്ക് ട്രോളിയിൽ തള്ളിക്കൊണ്ടുപോയതും താനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |