
തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പിനെക്കുറിച്ച് കോടതി രൂക്ഷമായി പരാമർശിച്ചിട്ടും
കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും കുടുങ്ങുമെന്ന ഭയത്താലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എല്ലാവരെയും സംരക്ഷിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിക്കണം. എല്ലാം അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വച്ചതാണോയെന്ന് പരിശോധിക്കണം. ദേവസ്വം മുൻ പ്രസിഡന്റ് വാസു പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും ഇതിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. കമ്മിഷണർ സ്ഥാനത്ത് നിന്നും പുറത്തിറങ്ങിയ ആൾ പിന്നീട് ദേവസ്വം പ്രസിഡന്റായാണ് തിരിച്ചു വന്നത്. വാസുവിനെ രക്ഷിക്കാനുള്ള സമ്മർദ്ദം സർക്കാരിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിനു മേലുണ്ട്. അതിനെ എസ്.ഐ.ടി അതിജീവിക്കുമോയെന്നാണ് പ്രതിപക്ഷം വീക്ഷിക്കുന്നത്.
ശബരിമലയിലെ കൊള്ള തിരിച്ചറിഞ്ഞിട്ടും ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും ദ്വാരപാലക ശിൽപങ്ങൾ നൽകിയത് ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും അംഗങ്ങളുമാണ്. അതിന് കുടപിടിച്ചു കൊടുത്തത് മന്ത്രി വാസവനും. അതുകൊണ്ടാണ് മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് സതീശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |