
പാകിസ്ഥാൻ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്ന് കണക്കിന് തിരിച്ചടി കിട്ടിയതോടെ സൈനിക തലത്തിൽ കാര്യമായ മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ. ഇതിനായി ഇന്ത്യയുടെ രീതികൾ തന്നെയാണ് പാകിസ്ഥാൻ കോപ്പിയടിക്കുന്നത് എന്നതാണ് ഏറെ കൗതുകരം. മൂന്നുസേനകൾക്കുമായി ഏകീകൃത കമാൻഡറെ നിയമിക്കാനുളള ശ്രമത്തിലാണ് പാകിസ്ഥാൻ എന്നാണ് റിപ്പോർട്ട്. സേനയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കിയാണ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്.
കമാൻഡർ ഒഫ് ഡിഫൻസ് ഫോഴ്സ് (സിഡിഎഫ്) എന്ന പുതിയ പദവിയാണ് ഉൾപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനായി ഭരണഘടനാ ഭേദഗതിയും ലക്ഷ്യമിടുന്നുണ്ടെന്നാണ് പാക് പത്രമായ ദി ന്യൂസ് റിപ്പോർട്ടുചെയ്യുന്നത്. സമീപകാത്ത് ഇന്ത്യയും പാകിസ്ഥാനുമായുണ്ടായ യുദ്ധസാഹചര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പുതിയ നീക്കത്തിന് ശ്രമിക്കുന്നത്.ആധുനിക യുദ്ധത്തിൽ സേനയുടെ സംയോജിത പ്രവർത്തനത്തിന്റെ ആവശ്യകത വളരെയേറെയാണ്. അതിനാലാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. റിപ്പോർട്ടിൽ പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ നിന്നുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ സൈന്യത്തിനായി കൂടുതൽ അത്യന്താധുനിക ആയുധങ്ങൾ വാങ്ങാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘർഷത്തിൽ ചൈനീസ് നിർമ്മിത ആയുധങ്ങൾ ഫലപ്രദമായി വിനിയോഗിച്ചുവെന്ന് പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും തങ്ങളുടെ ഒരു വിമാനംപോലും തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അഭിമുഖത്തിൽ അഹമ്മദ് ഷെരീഫ് അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |