
അവഗണനയിൽ കാടുകയറി ഗ്രന്ഥശാല
കോട്ടയം: പേര് പ്രോഗ്രസീവ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം. പ്രോഗ്രസീവ് എന്ന വാക്ക് പേരിൽ പേരിൽ പോലും ഇല്ലാതെ, കാടുകയറി നശിക്കുകയാണ് ഒരു നാടിന്റെ വായനാ സ്വപ്നം. ഇത്തിത്താനം ചാലച്ചിറ പ്രോഗ്രസീവ് ലൈബ്രറിക്ക് വയസ്് 75 ആയെങ്കിലും നിലനിൽപ്പിനുവേണ്ടി കേഴുകയാണ് ഈ അക്ഷരമുത്തശ്ശി. ഇത്തിത്താനത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപം കൊടുത്ത ഗ്രന്ഥാലയം നാട്ടിലെ വാർത്താ കേന്ദ്രം കൂടിയായിരുന്നു. ടെലിവിഷൻ അന്യമായിരുന്ന കാലത്ത് ആളുകൾ വാർത്തകേൾക്കാനായി വൈകുന്നേരങ്ങളിൽ ലൈബ്രറിക്ക് മുന്നിൽ സ്ഥിരമായി എത്തിയിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചുവന്ന ഈ ജനകീയ പ്രസ്ഥാനം പിന്നീട് അനാസ്ഥയിലേക്ക് വീണ് നാമാവശേഷമായി. 2005ൽ ജനകീയ കൂട്ടായ്മയിൽ ഗ്രന്ഥശാലയുടെ 50ാം വാർഷികാഘോഷം നാടിന്റെ ഉത്സവം പോലെ കൊണ്ടാടി വീണ്ടും സജീവമായി. പിന്നീട്, സാംസ്‌കാരിക കേന്ദ്രം തിരുഞ്ഞുനോക്കാൻ ആളില്ലാതെ കാടുകയറി നാശത്തിലേക്ക് കൂപ്പുകുത്തി.
അവഗണനയിൽ
കുറിച്ചി പഞ്ചായത്ത് പ്രസിഡന്റും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പ്രതിനിധാനം ചെയ്യുന്ന 10ാം വാർഡിൽ ഇത്തിത്താനത്തിന്റെ സിരാകേന്ദ്രമായ ചാലച്ചിറയിലാണ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. സമീപത്തുള്ള ലൈബ്രറികൾക്കെല്ലാം കെട്ടിട മെയിന്റനൻസും ഉപകരണങ്ങളും വിതരണം ചെയ്ത പള്ളം ബ്ലോക്ക് പഞ്ചായത്ത്, പ്രോഗ്രസീവ് ലൈബ്രറിക്ക് യാതൊരുവിധ സഹായങ്ങളും നൽകാതെ തഴയുകയായിരുന്നു. എം.എൽ.എ. ഫണ്ടിൽ നിന്നും ലൈബ്രറികൾക്ക് നൂറുകണക്കിന് പുസ്തകങ്ങൾ വാങ്ങി നൽകുന്ന പദ്ധതിയിലൂടെ മറ്റു ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകിയിട്ടും എം.എൽ.എയും പ്രോഗ്രസീവ് ലൈബ്രറിയെ അവഗണിച്ചു. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ സഹായങ്ങളും ഗ്രന്ഥശാലയ്ക്ക് ലഭിച്ചിട്ടില്ല. കാലപ്പഴക്കത്താൽ ജീർണ്ണതയിലെത്തിയ കെട്ടിടത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ നശിച്ചു തുടങ്ങിയതിനെതുടർന്ന് പ്രദേശത്തെ യുവാക്കളുടെ ശ്രമഫലമായി കെട്ടിടം പൊളിച്ചുപണിതെങ്കിലും തുടർ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ പാതിവഴിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |