നാരങ്ങാനം: 11 കെ വി ലൈനിന്റെ ഫ്യൂസ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിൽ ആലുങ്കൽ ഭാഗത്തുനിന്ന് വൈദ്യുതി ബന്ധം ഇല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി ഓവർസിയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു. മലനാട് മിൽക്‌സിന്റെ സമീപത്തുള്ള 11 കെ വി എ ബി സ്വിച്ച് തുറന്നനിലയിൽ കാണപ്പെട്ടു. എ ബി സ്വിച്ച്, സബ്‌സ്റ്റേഷനിൽ നിന്നുള്ള നിർദ്ദേശം ലഭിച്ചതിനുശേഷം സബ് എൻജിനീയർ ഓപ്പറേറ്റ് ചെയ്യണം എന്നാണ് കെ.എസ്.ഇ.ബിയുടെ നിയമം . അറ്റകുറ്റപ്പണി നടക്കുമ്പോഴോ ഫീഡിംഗ് അറേഞ്ച്‌മെന്റുകൾ മാറ്റുമ്പോഴോ ആണ് സബ് എൻജിനീയർ ഈ സ്വിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. സ്വിച്ച് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ പിന്നീടുള്ള പ്രദേശങ്ങളിലേക്ക് 11കെവി സപ്ലൈ എത്തില്ല.സബ്‌സ്റ്റേഷനിൽ നിന്ന് 11 കെവി ചാർജ് ചെയ്ത നിലയിൽ അവരുടെ നിർദ്ദേശമില്ലാതെ എ ബി സ്വിച്ച് ഓപ്പറേറ്റ് ചെയ്യുന്നത് ഗുരുതരമായ അപകട സാഹചര്യം ഉണ്ടാക്കും. പരിസര പ്രദേശത്ത് സ്ഥിരം മദ്യപാനികൾ ഉണ്ടെന്നും അവർ ഇതുപോലുള്ള പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. സാമൂഹ്യവിരുദ്ധർ സ്ഥിരമായി ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസുകൾ ഊരി വയ്ക്കുകയോ എടുത്തുകൊണ്ടുപോവുകയോ ചെയ്യാറുണ്ട്. . ഇത് സംബന്ധിച്ച് ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുരക്ഷയെ മുൻനിറുത്തി ഇതുപോലുള്ള കാര്യങ്ങളിൽ ജനങ്ങൾ ഏർപ്പെടരുതെന്നും ഇത്തരം കാര്യങ്ങൾ സെക്ഷൻ ഓഫീസിൽ അറിയിക്കണമെന്നും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |