
പാലക്കാട്: പൂജാരിയെ പറ്റിച്ച് 68 ലക്ഷം രൂപ കൈക്കലാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി പയ്യനടം കുണ്ടുതൊടിക വീട്ടില്‍ മുബീന (35) ആണ് പിടിയിലായത്. കൊച്ചി ലുലു മാളില്‍ നിന്നാണ് മുബീനയെ പൊലീസ് പിടികൂടിയത്. പൂജാരിയെ പറ്റിച്ച് 68 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് എറണാകുളത്ത് നിന്ന് മുബീന് അറസ്റ്റിലായത്.
ഡോക്ടറായ താന്‍ മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനാണെന്ന് പറഞ്ഞാണ് ഇവര്‍ പൂജാരിയെ സമീപിച്ചത്. മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്നും പുരുഷന്‍മാരായ അവകാശികളില്ലാത്തതിനാല്‍ പൂജാരിയെ ദത്തെടുക്കാന്‍ തയാറാണെന്നും പറഞ്ഞ ഇവര്‍ പൂജാരിയെ ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞാണ് പൂജാരിയെ ഇവര്‍ പരിചയപ്പെട്ടത്.
വിശ്വാസം നേടിയെടുക്കുന്നതിനായി ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തില്‍ നിന്നതിന് ശേഷം സഹായികളെ ഉള്‍പ്പെടെ ഉപയോഗിച്ച് പൂജാരിയെ ആശുപത്രിയില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. താന്‍ നിര്‍മിക്കുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 68 ലക്ഷം രൂപ പല തവണയായി കൈപ്പറ്റിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മുബീനയെ പിടികൂടിയത്.
പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ മുബീനയുടെ പക്കല്‍ ലക്ഷക്കണക്കിന് പണവും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. ഇവരുടെ ലിവിംഗ് ടുഗദെര്‍ പങ്കാളിയായ ആലപ്പുഴ സ്വദേശി ശ്യാം (33) അറസ്റ്റിലായ ശേഷം ജാമ്യത്തിലാണ്. ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മുബീന നിരവധിപേരെ പറ്റിച്ച് പണം കൈക്കലാക്കി മുങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |