അടൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് കൈക്കുഞ്ഞുമായി ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. സഡൻ ബ്രേക്കിട്ട് ഡ്രൈവർ ബസ് നിറുത്തിയതിനാൽ അത്യാഹിതം ഒഴിവായി. ഇന്നലെ രാവിലെ 9.30ന് അടൂർ നഗരത്തിലാണ് സംഭവം.
കുഞ്ഞിന്റെ ചികിത്സയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയ ആദികാട്ടുകുളങ്ങര സ്വദേശിയായ യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കൊപ്പമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തുടർന്ന് മാസ്ക് വാങ്ങാനായി ഭാര്യ മെഡിക്കൽ ഷോപ്പിലേക്ക് പോയി ഒരു മണിക്കൂറായിട്ടും കാണാത്തതിലുള്ള വിഷമം മൂലമാണ് ബസിനു മുന്നിലേക്ക് കുഞ്ഞുമായി ചാടിയതെന്ന് യുവാവ് പറഞ്ഞു.
ബസ് നിറുത്തിയതോടെ കുഞ്ഞിനെയും എടുത്ത് ഓടിയ ഇയാളെ ഹോംഗാർഡ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. തുടർന്ന് ട്രാഫിക് പൊലീസ് യുവാവിനെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചശേഷം ഇയാളുടെ ഭാര്യയെ കണ്ടെത്തി വിവരമറിയിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് കരുതുന്നു. തിരക്കുള്ള റോഡായതിനാൽ ബസിന്റെ വേഗത കുറവായതിനാലാണ് പെട്ടെന്ന് നിറുത്താനായതെന്ന് ഡ്രൈവർ മാരൂർ സ്വദേശി പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |