
കൊച്ചി: കേരളത്തിന്റെ എതിർപ്പ് അവഗണിച്ച് 11.721 കോടി രൂപ ചെലവിൽ ആളിയാർ പുഴയിൽ പുതിയ തടയണ നിർമ്മിക്കാൻ തമിഴ്നാട് സർക്കാർ ടെൻഡർ ക്ഷണിച്ചു. മുല്ലപ്പെരിയാറിനു പിന്നാലെ, അന്തർ സംസ്ഥാന നദീജലതർക്കം നിലനിൽക്കുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതിയിലും കേരളം തമിഴ്നാടിനു മുന്നിൽ മുട്ടുകുത്തുന്ന നിലയാണ് വന്നുചേരുന്നത്. കരാർ പ്രകാരം കേരളത്തിന് കിട്ടേണ്ട ജലം ഇതോടെ ഇല്ലാതാവുന്ന നിലവരും.
മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ 1970ലാണ് 1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ പറമ്പിക്കുളം - ആളിയാർ കരാറും പുതുക്കിയത്. ഇതനുസരിച്ച് പ്രതിവർഷം മൂന്ന് ഘട്ടങ്ങളിലായി 21 ടി.എം.സി ജലം പറമ്പിക്കുളം - ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കണം. ഇത് കൃത്യമായി ലഭിക്കാറില്ലെന്ന് മാത്രമല്ല, മഴക്കാലത്ത് വെറുതെ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ കണക്കിൽ തട്ടിക്കിഴിച്ച് കേരളത്തെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെയാണ് ആളിയാർ ഡാമിനു താഴെ വീണ്ടും അണകെട്ടുന്നത്. അപ്പർ ആളിയാറിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം തുറന്നുവിടുന്ന ടെയിൽ വാട്ടർ തടഞ്ഞുനിറുത്തി തിരികെ പവർ ഹൗസിലേക്ക് പമ്പ് ചെയ്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.ഇതിൽ ആശങ്ക അറിയിച്ച് സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ കഴിഞ്ഞമാസം 18ന് അയച്ച കത്തും തമിഴ്നാട് അവഗണിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ആളിയാറിൽനിന്ന് ചാലക്കുടി പുഴയിലേക്കും
ചുറ്റൂർ
പുഴയിലേക്കുമുള്ള ജലഒഴുക്ക് നാമമാത്രമാകും.
കരാർ പുതുക്കാത്തത് വിനയായി
1958 മുതൽ ഓരോ 30 വർഷം കൂടുമ്പോഴും പറമ്പിക്കുളം - ആളിയാർ കരാർ പുനരവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച്. 1988ലും 2018ലും കരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിയും ഇതിന് സമാനമാണ്.
1956 മുതൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പൂർണമായും സംസ്ഥാന താത്പര്യം സംരക്ഷിച്ചുകൊണ്ട് പുതുക്കാൻ കിട്ടിയ മൂന്ന് സുവർണാവസരങ്ങൾ കേരളം പാഴാക്കി. ഒടുവിൽ ഏതോ സമ്മർദ്ദത്തിന് വഴങ്ങി 1970 മേയ് 29ന് തമിഴ്നാടിന് സമ്പൂർണാധിപത്യമുള്ള വ്യവസ്ഥകളോടെ കരാർ പുതുക്കി!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |