
തൊടുപുഴ: തൊടുപുഴ ജോയിന്റ് ആർ.ടി.ഒ പരിധിയിൽ അനധികൃത ഓൺലൈൻ ടാക്സി സർവീസും കള്ള ടാക്സികളും വ്യാപകമാകുന്നതായി പരാതി. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ സോൺ, ഇടുക്കി എൻഫേഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക്പരാതി നൽകി. അനധികൃത സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾ സംസ്ഥാനത്തെ പരമ്പരാഗത ടാക്സി മേഖലയെ തകർക്കുന്നതായി കെ.ടി.ഡി.ഒ പറഞ്ഞു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വാടക അനുസരിച്ചാണ് പരമ്പരാഗത ടാക്സികൾ സർവീസ് നടത്തുന്നത്. എന്നാൽ ഓൺലൈൻ ടാക്സികൾ അനധികൃത സർവീസ് നടത്തുന്നത് മൂലം തങ്ങൾക്ക് കിട്ടേണ്ട ഓട്ടം കിട്ടുന്നില്ലെന്നതാണ് സംഘടനയുടെ പരാതി. കൂടാതെ പ്രൈവറ്റ് വാഹനങ്ങൾ ഓട്ടം പോകുന്നത് വ്യാപകമാണെന്നും ഇത്തരം അനധികൃത നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ടി.ഡി.ഓ ഭാരവാഹികൾ ആവശ്യപ്പെട്ടു. പരമ്പരാഗത ടാക്സി തൊഴിലാളികളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയ കള്ള ടാക്സികൾ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെ.ടി.ഡി.ഓ ഭാരവാഹികളായ തൊടുപുഴ സോൺ പ്രസിഡന്റ് ടി.കെ അരുൺകുമാർ, ജനറൽ സെക്രട്ടറി അഖിൽ കാഞ്ഞിരമറ്റം, ശ്രീജിത്ത്, അശോകൻ, അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |