
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ മത്സരം തീപാറും. 2020ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതിക്ക് 2025ൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സ്വതന്ത്രഅംഗം പി.ജി. സുനിൽകുമാർ, സി.പി.എം അംഗം കലാ രാജു എന്നിവർ പിന്തുണച്ചതോടെ ഭരണം നഷ്ടപ്പെട്ടു. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ കലാ രാജു ചെയർപേഴ്സണായും പി.ജി. സുനിൽകുമാർ വൈസ് ചെയർമാനുമായി ഭരണംതുടരുന്നു. 25 വാർഡുകൾ ഉണ്ടായിരുന്നത് 26 വാർഡുകളായി ഉയർത്തിയിട്ടുണ്ട്. ഇത്തവണ ചെയർമാൻ സ്ഥാനം ജനറൽ വിഭാഗത്തിലാണ്.
നാലേമുക്കാൽ വർഷത്തെ ഭരണകാലത്തെ വികസന നേട്ടങ്ങളുമായാണ് എൽ.ഡി.എഫ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. മുൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസാണ് എൽ.ഡി.എഫിനെ നയിക്കുന്നത്. മുൻ നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ ഇത്തവണയും മത്സരരംഗത്തുണ്ട്. ആയുർവേദ ആശുപത്രിയുടെ വികസനം, ലൈഫ് ഭവന പദ്ധതി, അമൃത കുടിവെള്ള പദ്ധതി, സമ്പൂർണശുചിത്വ നഗരമാക്കൽ തുടങ്ങിയ നിരവധി നേട്ടങ്ങൾ പറഞ്ഞാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൂറുമാറ്റത്തിലൂടെ പിടിച്ച ഭരണം നിലനിറുത്തുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്. 2015ൽ നഗരസഭ ചെയർമാനായിരുന്ന പ്രിൻസ് പോൾ ജോണാണ് യു.ഡി.എഫിനെ നയിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണും മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരുന്നത് ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ എൽ.ഡി.എഫ് സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്തിയപ്പോൾ യു.ഡി.എഫ് ഈഴവ സമുദായത്തിന് ജനറൽ സീറ്റ് നൽകാത്തതിൽ സമുദായ നേതാക്കൾക്ക് പ്രതിഷേധമുണ്ട്. ബി.ജെ.പി, ബി.ഡി.ജെ.എസ് എല്ലാ സീറ്റുകളിലും മത്സരരംഗത്തുണ്ടാകും.ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായ റോയി എബ്രഹാം മത്സരരംഗത്തുണ്ട്. നഗരസഭയിൽ ഇത്തവണ താമര വിരിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. സ്ഥാനാർത്ഥി പട്ടിക മുന്നണികൾ പ്രസിദ്ധീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |