പയ്യോളി: കുഞ്ഞാലി മരയ്ക്കാരുടെ സ്മരണ തുടിക്കുന്ന മണ്ണ്. ഒപ്പം, പയ്യോളി എക്സ്‌പ്രസ് എന്ന വിശേഷണത്തിൽ പി.ടി ഉഷ ഓടിത്തെളിഞ്ഞ മണ്ണ്. ചരിത്ര പ്രസിദ്ധമായ പയ്യോളിയിൽ മുനിസിപ്പാലിറ്റി നിലനിർത്താനും പിടിച്ചെടുക്കാനും ഇടത്-വലത് മുന്നണിപ്പോര് മുറുകും. നില മെച്ചപ്പെടുത്താനുറച്ച് ബി.ജെ.പിയുമുണ്ട്. 2015 ലാണ് പയ്യോളി ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായത്. 2015, 2020 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു നേട്ടം. പക്ഷേ, 2015ൽ മൂന്നു വർഷം മാത്രമേ യു.ഡി.എഫിന് ഭരണത്തിലിരിക്കാൻ കഴിഞ്ഞുള്ളൂ. ആർ.ജെ.ഡി മുന്നണി വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയതോടെ ഭരണം വീണു. എന്നാൽ 2020ൽ കരുത്തറിയിച്ച് യു.ഡി.എഫ് വീണ്ടും അധികാരത്തിൽ. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന നേട്ടങ്ങളുടെ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വജനപക്ഷപാതത്തിന്റയും കെടുകാര്യസ്ഥതയുടെയും അഞ്ചുവർഷമാണ് കടന്നുപോയതെന്ന ആരോപണവുമായാണ് ഇടതുമുന്നണിയും ബി.ജെ.പിയും അങ്കത്തിനിറങ്ങുന്നത്.
വാർഡ്
(2020)- 36
വാർഡ്
(2025)- 37
കക്ഷിനില
യു.ഡി.എഫ്- 21
എൽ.ഡി.എഫ്- 14
ബിജെപി- 1
വികസന
പെരുമഴ
വി.കെ അബ്ദുറഹ്മാൻ
(മുനിസിപ്പാലിറ്റി
ചെയർപേഴ്സൺ)
കഴിഞ്ഞ അഞ്ചുവർഷം ഉണ്ടായത് വികസന പെരുമഴ. മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രതിസന്ധിയായ കുടിവെള്ള ക്ഷാമത്തിന് ഏതാനും മാസങ്ങൾക്കകം പരിഹാരമാകും. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾക്കൊപ്പം തനത് ഫണ്ട് കൂടി ഉപയോഗിച്ചാണ് തീരദേശത്തും കിഴക്കൻ മേഖലയിലുമായി രണ്ട് കുടിവെള്ള പദ്ധതികൾ കൊണ്ടു വന്നത്. ശുചിത്വ മേഖലയിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ അവാർഡുകൾ വാങ്ങി മാതൃകയായി. ജില്ലയിലെ ഏറ്റവും വലിയ എം.ആർ.എഫ് പയ്യോളിയിലാണ്. ഹോമിയോ ഡിസ്പെൻസറിയും കൃഷി ഭവനും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. ഷോപ്പിംഗ് കോംപ്ലക്സ്, മത്സ്യ മാർക്കറ്റ് നവീകരണം, സ്റ്റേഡിയം നവീകരണം, ഹാപ്പിനെസ് പാർക്കുകൾ തുടങ്ങിയവ അവസാനഘട്ട പണിയിലാണ്.
സമ്മാനിച്ചത്
നിരാശ മാത്രം
ടി.ചന്തു
(പ്രതിപക്ഷ നേതാവ്)
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം ജനങ്ങൾക്ക് സമ്മാനിച്ചത് നിരാശ മാത്രം. നേട്ടമെന്ന് പറയാൻ സംസ്ഥാന സർക്കാർ തീരദേശവാസികൾക്ക് നൽകിയ 42 കോടിയുടെ കുടിവെള്ള പദ്ധതി മാത്രം. ഈ പദ്ധതി ജനങ്ങളിലേക്ക് യഥാസമയം എത്തിക്കാൻ ഒരു ശ്രമവും ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജനപക്ഷ വികസനമെന്നത് പയ്യോളിയിലെ ജനതയുടെ സ്വപ്നമാണ്. ഈ സ്വപ്നം യഥാർത്ഥത്തിൽ തല്ലിക്കെടുത്തുകയായിരുന്നു ഭരണസമിതി. വികസന രംഗത്ത് ഒരു നടപടിയും സ്വീകരിക്കാൻ ഇവർ തയ്യാറായില്ല. ഇതിന് പ്രധാന കാരണം രണ്ടര വർഷം വീതം ചെയർപേഴ്സൺ സ്ഥാനം വച്ചു മാറുന്ന മുന്നണി നയമാണ്.
ബി.ജെ.പി
മുന്നേറും
കെ.പി റാണാ പ്രതാപ് (ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി അംഗം)
കേന്ദ്ര പദ്ധതികൾ ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല. ആരോഗ്യരംഗത്ത് കേന്ദ്ര സർക്കാറിന്റെ വെൽനസ് സെന്ററുകളാണ് ഇന്നും സാധാരണക്കാർക്ക് ആശ്രയമായിട്ടുള്ളത്. പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും ഓട്ടോറിക്ഷയും കാറും മറ്റു വാഹനങ്ങളുമാണ് ഉള്ളത്. സ്വകാര്യവ്യക്തിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ ബസ് സ്റ്റാൻഡിലൂടെ വഴി നിർമ്മിക്കാൻ അനുമതി കൊടുത്തത് അഴിമതിക്ക് ഉദാഹരണമാണ്. നിലവാരമുള്ള ടോയ്ലറ്റുകളുടെ കുറവ് ഇന്നും നിലനിൽക്കുന്നു. റോഡുകൾ മുഴുവനും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |