
മൂവാറ്റുപുഴ: കോടതി പരിസരത്ത് വെച്ച് വാഴക്കുളം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മോഷണക്കേസിലെ റിമാൻഡ് പ്രതിയെ മുർഷിദാബാദിലെ വീടിന് സമീപത്ത് നിന്ന് പിടികൂടി. കഴിഞ്ഞ 29ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിസരത്തു നിന്നും രക്ഷപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി സനത് മണ്ഡലിനെയാണ് മുർഷിദാബാദിലെ റാണിനഗർ പൊലീസിന്റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈ.എസ്. പി. പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ പിടികൂടിയത്. പിടിയിലായ പ്രതിയെ വെള്ളിയാഴ്ച മൂവാറ്റുപുഴയിലെത്തിക്കും.
കല്ലൂർക്കാട് ജംഗ്ഷൻ ഭാഗത്തുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും പിച്ചളയും മോഷ്ടിച്ച കേസിൽ പിടിയിലായ സനത് മണ്ഡൽ, ശ്രീമന്ദ മണ്ഡൽ എന്നിവരാണ് കോടതി റിമാൻഡ് ചെയ്ത ശേഷം ജയിലിലേക്കു കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്രീമന്ദ മണ്ഡലിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു. വാഴക്കുളം പൊലീസ് സബ് ഇൻസ്‌പെക്ടർ ജോജി, സി.പി.ഒ അനീഷ്, മൂവാറ്റുപുഴ പൊലീസ് എസ്.സി.പി.ഒ അജിംസ് എന്നിവരടങ്ങുന്ന സംഘമാണ് പശ്ചിമബംഗാളിലെത്തി സനത് മണ്ഡലിനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |