
ന്യൂഡൽഹി: വ്യവസായ സംരംഭകർക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് (ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്) കേന്ദ്ര വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയ 2023ലെ റാങ്കിംഗിൽ 'ഫാസ്റ്റ്‌മൂവേഴ്സ്' വിഭാഗത്തിലെ സ്ഥാനം നിലനിറുത്തി കേരളം. കേന്ദ്രം നിർദ്ദേശിച്ച ബിസിനസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട 434 സൂചികകളിൽ 430ഉം നടപ്പാക്കിയാണ് കേരളം അംഗീകാരം നേടിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ച വ്യവസായ സൗഹൃദ മാനദണ്ഡങ്ങളിൽ നാലു വിഭാഗങ്ങളിൽ കേരളം ഒന്നാമതായി (99.3%).
കേരളത്തിനുള്ള പുരസ്‌കാരം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പി.രാജീവ് ഏറ്റുവാങ്ങി. പിയൂഷ് ഗോയൽ കേരളത്തെ പ്രത്യേകം അഭിനന്ദിച്ചു. ആന്ധ്ര, കർണാടക, ഒഡീഷ, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, അസാം, ജമ്മു കാശ്‌മീർ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം തുടർച്ചയായി രണ്ടാം വർഷവും ഫാസ്റ്റ്‌മൂവേഴ്സ് വിഭാഗത്തിലെത്തുന്നത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ 2020ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2022ലാണ് കേരളം വ്യവസായ വളർച്ച സൂചിപ്പിക്കുന്ന ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിലെത്തിയത്. പദവി നിലനിറുത്തിയത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം താത്‌കാലികമല്ലെന്ന് തെളിയിക്കുന്നതായും വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഭാവിയിൽ ഇത് കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |