സുൽത്താൻ ബത്തേരി : വന്യജീവി സംരക്ഷണത്തിന്റെ പേരിൽ വയനാട്ടിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. ദേശീയപാത 766-ലെ യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജനകൂട്ടായ്മ ബത്തേരിയിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദേശീയപാത വനമേഖലയിൽ കൂടിയാണ്. എന്നാൽ മറ്റെങ്ങും കാണാത്ത നിരോധനം ദേശീയപാത 766-ൽ കാണുന്നത് ദുഃഖകരമാണ്. വയനാടിന് മാത്രമായൊരു നിയമം ശരിയല്ല. നിയമത്തിന്റെ പരിധിയിലുള്ള വിഷയമായതിനാൽ നിയമപരമായി നേരിടേണ്ടതുണ്ട്. വയനാടിന് നിയമത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് പ്രഗല്ഭ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
നിരാഹാരമനുഷ്ഠിച്ച് ആശുപത്രിയിലായവരെ സന്ദർശിച്ചശേഷമാണ് ഇപ്പോൾ നിരാഹാരമിരിക്കുന്നവരുടെ അടുത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കുഞ്ഞാലിക്കുട്ടി എം.പി, ദേശീയപാത 766 ഗതാഗത സംരക്ഷണ കർമ്മ സമിതി ചെയർമാൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കൺവീനർ സുരേഷ് താളൂർ എന്നിവർ സംസാരിച്ചു. യാത്ര നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയത്തിനതീതമായി വയനാടിനോടൊപ്പം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |