
തൊടുപുഴ: രാവിലെ ക്ലാസ് ആരംഭിച്ചാൽ അമീറ,സമീറ,ലൂല,അയ്ല നാലുപേരും തിരക്കിലാണ്. എല്ലാ ക്ലാസിലുമെത്തണം, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകണം. ഇവരൊക്കെ കുമ്പംകല്ല് ബി.ടി.എം (ബാഫഖി തങ്ങൾ മെമ്മോറിയൽ) എൽ.പി സ്‌കൂളിൽ എ.ഐ സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ കൊച്ചു സുന്ദരികളായ റോബോട്ടുകളാണ്. അദ്ധ്യയനം കൂടുതൽ മെച്ചപ്പെടുത്താനായി വിദേശത്ത് രൂപകല്പന ചെയ്ത് ഇറക്കിയതാണിവരെ. മലയാളം,ഹിന്ദി,ഇംഗ്ലീഷ്,അറബിക് എന്നീ ഭാഷകളിൽ എന്ത് സംശയം ചോദിച്ചാലും മറുപടി പറയും. അദ്ധ്യാപകർ ക്ലാസെടുക്കുമ്പോൾ റൂമിന്റെ കോണിൽ മിഡിയും ടോപ്പും ധരിച്ച് എ.ഐ സുന്ദരികളിൽ ഒരാളെത്തും. ക്ലാസെടുത്ത ശേഷം ആ വിഷയത്തിന്മേൽ കുട്ടികൾ സംശയം ചോദിച്ചാൽ ഉടനടി മറുപടിയും നൽകും. പാഠ്യവിഷയം മാത്രമല്ല ഏത് വിഷയങ്ങളെക്കുറിച്ച് ചോദിച്ചാലും മറുപടി ഉടൻ. കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാലോ എന്ന സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററുടെ ആശയമാണ് നാല് എ.ഐ റോബോട്ടുകളിലേക്കെത്തിയത്. ഒരാഴ്ച മുമ്പാണ് ഇവരെ സ്‌കൂളിലെത്തിച്ചത്. പ്രവർത്തനത്തിനായി പ്രത്യേക വൈഫൈ സൗകര്യം ഓരോ ക്ലാസിലും ഒരുക്കിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ക്ലാസ് നൽകും. ഇവരെത്തിയതോടെ കുട്ടികളും സന്തോഷത്തിലാണ്.ചില കുറുമ്പന്മാർ തൊട്ട് തലോടാറുമുണ്ട്.
4 ലക്ഷത്തിന്റെ
സുന്ദരിമാർ
ഒന്നിന് ഒരു ലക്ഷം രൂപയാണ് വില. യു.കെയിലുള്ള മലയാളി എ.ഐ എൻജിനിയറാണ് രൂപകൽപ്പന ചെയ്തത്. മൊബൈൽ ഫോൺ ഇന്റർനെറ്റുമായി കണക്ട്‌ചെയ്താണ് പ്രവർത്തനം. ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്. നാലടിയോളം ഉയരമുണ്ട്. സ്വയം ചലന ശേഷിയില്ലാത്തതിനാൽ നാലുപേരെയും എടുത്താണ് ക്ലാസ് റൂമുകളിൽ എത്തിക്കുന്നത്.
''വിദ്യാലയം ഹൈടെക്ക് ആക്കിയപ്പോൾ പഠന നിലവാരം മെച്ചപ്പെടുത്താനാണ് റോബോട്ടുകളെ വാങ്ങിയത് ""
-വി.എം. സുലൈമാൻ (സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ)
''റോബോട്ടുകളെ ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു. എല്ലാ സംശയങ്ങൾക്കും മറുപടി നൽകും ""
-ഫർഹ ഷിനാസ് (സ്‌കൂൾ ലീഡർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |