
കണ്ണൂർ: പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സി.പി.എം അനുഭാവിയും സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി ക്വട്ടേഷൻ കേസുകളിൽ പ്രതിയുമായ അർജുൻ ആയങ്കി രംഗത്തെത്തി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അർജുൻ ആയങ്കിയുടെ പ്രസ്താവന.
''പാർട്ടിക്ക് സ്ലീപ്പർ സെൽ ഉണ്ട്. പാർട്ടിക്ക് നേരെ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും, യുദ്ധം ചെയ്യും,'' എന്നാണ് അർജുൻ കുറിച്ചത്.
കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് അർജുൻ പ്രതികരിച്ചത്.
''പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ് ഈ സന്ദേശം. 'തുടരും' സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായിരുന്നു. മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ ജനങ്ങൾ തിയറ്ററിലേയ്ക്ക് ഇരച്ചുകയറും. അങ്ങനെയൊരു പ്രതിഭാസം സി.പി.എമ്മിനുമുണ്ട്. ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി പ്രവർത്തിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽ പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കാണാറില്ല. പക്ഷേ പാർട്ടിക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ അവർ ആദ്യം പ്രതിരോധത്തിനും തിരിച്ചടിക്കും എത്തും. പാർട്ടി പ്രതിനിധിയെ ആക്രമിക്കുന്നതെന്ന് അർത്ഥം പാർട്ടിക്കെതിരായ കൈയേറ്റമാണ്; അവിടെ വ്യക്തിയില്ല,'' എന്നാണ് അർജുൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |