
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാർ ഇന്നലെ നടത്തിയ പണിമുടക്ക് രോഗികളെ വലച്ചു. നൂറുകണക്കിനു രോഗികൾക്ക് വിദഗ്ദ്ധ ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വന്നു. ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റി. അതേസമയം, അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഒ.പികളിൽ ജൂനിയർ ഡോക്ടർമാരായിരുന്നു ഉണ്ടായിരുന്നത്. രോഗികൾക്ക് മരുന്നുകൾ കുറിച്ച് നൽകിയ ജൂനിയർ ഡോക്ടർമാർ അടുത്ത ദിവസം വീണ്ടും ഒ.പിയിൽ വരാൻ നിർദ്ദേശിച്ച് മടക്കി. വിദ്യാർത്ഥികളുടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ഡോക്ടർമാർ ബഹിഷ്‌കരിച്ചു. കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
എൻട്രി കേഡർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ നൽകുക, മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഈ മാസം 21, 29 തീയതികളിലും ഒ.പി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി. റോസ്‌നാര ബീഗവും ജനറൽ സെക്രട്ടറി സി.എസ്. അരവിന്ദും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |