കോന്നി : തിരഞ്ഞെടുപ്പിൽ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുകയാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകൾ. സീതത്തോട് പഞ്ചായത്തിലെ ഗവിയിലെ വാർഡും മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ (ചെങ്ങറ) രണ്ട് വാർഡുകളുമാണ് ഭാഷ ന്യൂനപക്ഷ വാർഡുകൾ എന്ന നിലയിൽ ശ്രദ്ധനേടുന്നത്. 150 വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ശങ്കരൻകോവിൽ, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുടിയേറിപ്പാർത്ത തമിഴ് വംശജരുടെ നാലും അഞ്ചും തലമുറയിൽപെട്ട പിൻഗാമികളായ തമിഴ് വോട്ടർമാരാണ് കുമ്പഴ തോട്ടത്തിൽ ഉള്ളത്. തിരഞ്ഞെടുപ്പുകളിൽ ഇവിടെ തമിഴിലുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെടും. ബാലറ്റ് പേപ്പറും തമിഴ് ഭാഷയിൽ ആണെന്നുള്ളതും സവിശേഷതയാണ്. തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ തമിഴ്നാട്ടിലെ ഗ്രാമങ്ങൾ പോലെയാണ്.
മലയാലപ്പുഴയ്ക്ക് കിഴക്കുള്ള വനമേഖലയോട് ചേർന്ന 1100 ഹെക്ടർ സ്ഥലം 150 വർഷങ്ങൾക്കു മുൻപ് ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വഞ്ഞിപ്പുഴ മഠത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളായിരുന്നു. ഈ സ്ഥലങ്ങൾ ആദ്യം കണ്ടത്തിൽ വർഗീസ് മാപ്പിളയും തുടർന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പനിയും തേയിലയും റബറും കൃഷി ചെയ്യുവാൻ പാട്ടത്തിന് എടുത്തിരുന്നു. ഇവിടുത്തെ കൃഷിപ്പണികൾക്കായി തമിഴ്നാട്ടിൽ നിന്ന് എത്തിയ തോട്ടംതൊഴിലാളികളുടെ പിൻമുറക്കാരാണ് വാർഡുകളിലെ വോട്ടർമാരിൽ ഭൂരിഭാഗവും. ഇവിടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരും തമിഴ് വംശജരാണ് എന്ന പ്രത്യേകതയുമുണ്ട്. എസ്റ്റേറ്റിൽ മുൻപ് പ്രവർത്തിച്ചിരുന്ന തമിഴ് സിലബസ് ഉള്ള സ്കൂളാണ് എല്ലാം തിരഞ്ഞെടുപ്പുകളിലും പോളിംഗ് സ്റ്റേഷൻ. മുൻപ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മലയാളഭാഷ വശം ഇല്ലായിരുന്നു. എന്നാൽ ഇന്ന് തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ജനപ്രതിനിധികളാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. പഞ്ചായത്തിലെ 4, 5 വാർഡുകളിലായി 800 ഓളം തമിഴ് വോട്ടുകളാണുള്ളത്. തമിഴ്നാട്ടുകാർക്ക് പുറമേ കർണാടകയിലെ മംഗലാപുരത്ത് നിന്ന് കുടിയേറിപ്പാർത്തവരും ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |