
പാരീസ് : യോഗ്യതാ റൗണ്ടിലെ അഞ്ചാം മത്സരത്തില്‍ യുക്രെയ്‌നെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് കീഴടക്കി നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ്പും മുന്‍ ചാമ്പ്യന്മാരുമായ ഫ്രാന്‍സ് 2026ലെ ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ കിലിയന്‍ എംബാപ്പെയും ഓരോ ഗോളടിച്ച മിഷേല്‍ ഒലീസും ഹ്യൂഗോ എകിറ്റിക്കെയും ചേര്‍ന്നാണ് ഫ്രഞ്ച് വിജയമൊരുക്കിയത്.
രണ്ടാം പകുതിയിലാണ് നാലുഗോളുകളും പിറന്നത്.55-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ എംബാപ്പെ തുടക്കമിട്ടു.76-ാം മിനിട്ടില്‍ ഒലീസ് വലകുലുക്കി. 83-ാം മിനിട്ടില്‍ എംബാപ്പെയുടെ രണ്ടാം ഗോള്‍. 88-ാം മിനിട്ടില്‍ എകിറ്റിക്കെ പട്ടിക പൂര്‍ത്തിയാക്കി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയില്‍ അഞ്ചുമത്സരങ്ങളില്‍ നാലിലും ജയിച്ച ഫ്രാന്‍സ് 13 പോയിന്റുമായാണ് യോഗ്യന്മാരായത്.
മറ്റൊരു മത്സരത്തില്‍ എസ്‌തോണിയയെ 4-1ന് തോല്‍പ്പിച്ച നോര്‍വേ ഗ്രൂപ്പ് ഐയില്‍ 21 പോയിന്റുമായി ലോകകപ്പിലേക്ക് തിരിച്ചുവരുന്നതിന് അടുത്തെത്തി. മോള്‍ഡോവയെ 2-0ത്തിന് തോല്‍പ്പിച്ച ഇറ്റലി 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഞായറാഴ്ച ഇറ്റലിയും നോര്‍വേയും തമ്മിലുള്ള മത്സരം ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതിലും ലോകകപ്പ് ബര്‍ത്ത് നിശ്ചയിക്കുന്നതിലും നിര്‍ണായകമാകും. നേരത്തേതന്നെ ലോകകപ്പ് യോഗ്യത നേടിയ ഇംഗ്‌ളണ്ട് കഴിഞ്ഞരാത്രി സെര്‍ബിയയെ 2-0ത്തിന് തോല്‍പ്പിച്ചു.
ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പുകാര്‍ഡ്
സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തില്‍ അയര്‍ലാന്‍ഡിനോട് മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍ക്കേണ്ടിവന്നതാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യത വൈകിപ്പിക്കുന്നത്. ട്രോയ് പാരറ്റ് 17,45 മിനിട്ടുകളില്‍ നേടിയ ഗോളുകള്‍ക്ക് അയര്‍ലാന്‍ഡ് ആദ്യപകുതിയില്‍ മുന്നിലായിരുന്നു. 61-ാംമിനിട്ടില്‍ ഐറിഷ് താരം ഡാര ഓഷിയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് റഫറി സ്‌ട്രെയ്റ്റ് റെഡ് കാര്‍ഡ് നല്‍കിയത്. ഗ്രൂപ്പ് എഫില്‍ അഞ്ചുകളികളില്‍ നിന്ന് 10 പോയിന്റുമായി ഒന്നാമതാണ് പോര്‍ച്ചുഗല്‍. എട്ടുപോയിന്റുള്ള ഹംഗറിയാണ് രണ്ടാമത്. നാളെ അര്‍മേനിയയുമായാണ് പോര്‍ച്ചുഗലിന്റെ അവസാന മത്സരം.
മത്സരഫലങ്ങള്‍
ഫ്രാന്‍സ് 4- യുക്രെയ്ന്‍ 0
അയര്‍ലാന്‍ഡ് 2- പോര്‍ച്ചുഗല്‍ 0
ഇംഗ്‌ളണ്ട് 2- സെര്‍ബിയ 0
ഇറ്റലി 2- മോള്‍ഡോവ 0
നോര്‍വേ 4- എസ്‌തോണിയ 1
ഹംഗറി 1- അര്‍മേനിയ 0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |