
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ചാവേർ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ വീട് തകർത്തതിനെ ചോദ്യം ചെയ്ത് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇത്തരം നടപടികൾ കൂടുതൽ പ്രകോപനം സൃഷ്ടിക്കാനേ കാരണമാകൂയെന്ന് ഒമർ പറഞ്ഞു. ഇതിലൂടെ ഭീകരവാദം ഇല്ലാതാക്കാനാകുമെങ്കിൽ ഞാനത് എത്രയോ മുമ്പേ ചെയ്യുമായിരുന്നു. ആരുടെയും വീട് തകർക്കാതെ തന്നെ ജമ്മു കാശ്മീരിൽ ഭീകരവാദം കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഒമർ പറഞ്ഞു.
വീട് തകർത്തതിനെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും വിമർശിച്ചു. സർക്കാർ കുറ്റവാളികളെയാണ് ലക്ഷ്യമിടേണ്ടതെന്നും അവരുടെ കുടുംബത്തെയല്ലെന്നും മെഹബൂബ പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കുള്ളവർക്കെതിരായ നടപടികളെ എതിർക്കുന്നില്ല. എന്നാൽ അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും എന്തിനാണ് ലക്ഷ്യമിടുന്നതെന്നും മെഹബൂബ ചോദിച്ചു.
ഭീകരബന്ധത്തിന്റെ പേരിൽ ജമ്മു കാശ്മീർ സ്വദേശികളായ ഡോക്ടർമാർ അറസ്റ്റിലായതിനു പിന്നാലെ, എല്ലാ കാശ്മീരി മുസ്ലീങ്ങളും ഭീകരരല്ലെന്ന് ഒമർ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിലെ ജനതയെ മുഴുവൻ ഭീകരരെന്ന മട്ടിൽ കാണുന്ന പൊതുമനോഭാവത്തിലുള്ള നിരാശയും പങ്കുവച്ചിരുന്നു.
പുൽവാമയിലെ കൊയിൽ ഗ്രാമത്തിലുള്ള ഡോ. ഉമർ നബിയുടെ കുടുംബത്തിന്റെ രണ്ട് നില വീട് വെള്ളിയാഴ്ചയാണ് സുരക്ഷാസേന തകർത്തത്. നിയന്ത്രിത രീതിയിൽ മൂന്ന് സ്‌ഫോടനങ്ങൾ നടത്തിയാണ് കെട്ടിടം തകർത്തത്. ഇതിനുമുമ്പ് ഉമറിന്റെ കുടുംബാംഗങ്ങളെയും അയൽവാസികളെയും ഒഴിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |