
കണ്ണൂർ: പാലത്തായിയിൽ ബിജെപി നേതാവായ അദ്ധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് തലശേരി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിക്കും. ശിക്ഷാവിധിക്ക് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ ആണെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വാദിച്ചു.
കേസിൽ പ്രതിയായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ച് പത്ത് വയസുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റടക്കമുള്ള തെളിവുകളും ഉണ്ടായിട്ടും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |