
വിഴിഞ്ഞം: ശബരിമല കഴിഞ്ഞാൽ ഏറ്റവും വരുമാനം ലഭിക്കുന്ന ക്ഷേത്രമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങൾ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തടസവാദത്തിൽ തട്ടി നീളുന്നു. നിത്യവും ബലിയിടാനെത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾ ഇവിടുത്തെ അസൗകര്യങ്ങളിൽ ബുദ്ധിമുട്ടുകയാണ്. വർഷത്തിൽ എല്ലാ ദിവസവും ബലി ചടങ്ങ് നടക്കുന്ന ഇവിടെ വികസന പദ്ധതിക്ക് ദേവസ്വം ബോർഡ് 2 കോടിയുടെ പദ്ധതി തയാറാക്കി സമർപ്പിച്ചെങ്കിലും കേന്ദ്ര പുരാവസ്തുവകുപ്പ് അനുമതി നൽകിയില്ല. പുരാതന ക്ഷേത്രമായതിനാലും ഇവിടെ നടക്കുന്ന നിർമ്മാണങ്ങൾ പൗരാണികത നഷ്ടപ്പെടുത്തുമെന്നും പറഞ്ഞാണ് വികസന പദ്ധതികൾക്ക് തടസം നേരിടുന്നത്.
വികസ പദ്ധതിയിൽ
1. ഭക്തർക്ക് മഴ നനയാതിരിക്കാൻ പന്തൽ
2.ബലികർമ്മങ്ങൾക്കായി നാല് ബലി മണ്ഡപങ്ങൾ
3. മുഖമണ്ഡപം
4. നടപ്പന്തൽ
പദ്ധതിച്ചെലവ് 2കോടി
സ്ഥലമുണ്ട്..... കാര്യമില്ല
ക്ഷേത്ര വികസനത്തിനായി പരശുരാമ ക്ഷേത്രത്തിന് സമീപത്തെ 1 ഏക്കർ 66 സെന്റ് സ്ഥലം വാങ്ങി വികസന പ്രവർത്തനം നടത്താൻ പദ്ധതിയിട്ടെങ്കിലും ഇതും നിലച്ചു. ഇവിടെ പാർക്കിംഗ്,ബാത്ത്റൂം സംവിധാനങ്ങൾ,ദൂരെ സ്ഥലങ്ങളിൽ നിന്ന് ബലികർമ്മത്തിനെത്തുന്നവർക്ക് താമസ സൗകര്യത്തിനായി മുറികൾ എന്നിവ നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിനും പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര പുരാവസ്തുവിന് കീഴിലായതിനാൽ നിശ്ചിത ചുറ്റളവിൽ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് അനുമതിയില്ല.
ബലിമണ്ഡപം അപകടത്തിൽ
മാസങ്ങൾക്കു മുമ്പ് ക്ഷേത്ര ബലിക്കടവിലെ ബലിമണ്ഡപത്തിൽ വാഹനമിടിച്ച് വശത്തെ മേൽക്കൂരയിലെ പ്രധാന കരിങ്കല്ലിളകി. ഈ കല്ല് ഇളകിയതോടെ ബലിമണ്ഡപത്തിന് മൊത്തം ബലക്ഷയമുണ്ടായിട്ടുണ്ടെന്നാണ് ആശങ്കയെന്നും അതിനാൽ എത്രയുംവേഗം ഇത് പുതുക്കിപ്പണിയണമെന്നുമാണ് നാട്ടുകാർ പറയുന്നത്. തകർച്ചാഭീഷണി ഉണ്ടെങ്കിലും
ഈ മണ്ഡപത്തിൽ ഇപ്പോഴും ബലി ചടങ്ങുകൾ നടക്കുന്നുണ്ട്. ഇത് പുതുക്കിപ്പണിയുന്നതിനായി ദേവസ്വം ബോർഡ് മരാമത്ത് വകുപ്പിനെ അറിയിച്ച് ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുത്തില്ലെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. ക്ഷേത്രത്തിനുള്ളിലെ ബലി മണ്ഡപത്തിലുൾപ്പെടെ അറ്റകുറ്റപണികൾ ചെയ്യേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |