ചേകാടി (വയനാട്): വയനാടിനെ 'വയൽനാടാ'ക്കുന്ന ചേകാടിയിലെ പാടങ്ങൾ കതിരണിഞ്ഞു. മൂന്നൂറേക്കറോളം പരന്നു കിടക്കുന്ന പാടശേഖരം കാണാൻ കേരളത്തിനകത്തും പുറത്തും നിന്ന് സന്ദർശക പ്രവാഹമാണ്. പേരുപോലെ തന്നെ സുഗന്ധം പരത്തുന്ന ഗന്ധകശാല ഉൾപ്പെടെയുളള സുഗന്ധ ഇനം നെല്ലിനങ്ങൾ കൃഷിയിറക്കുന്ന പ്രദേശമാണിത്. ഗന്ധകശാലയുടെ ഗന്ധമുള്ള കാറ്റാണ് ചേകാടിയിലേത്. മൂന്നുവശവും വനം ഒരു ഭാഗം കിഴക്കോട്ട് കബനിയൊഴുകുന്നു. മണ്ണിനെയും കാടിനെയും പുഴയേയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ചേകാടിക്കാർ ഭൂരിഭാഗവും നാടൻ നെൽ വിത്തിനങ്ങളാണ് കൃഷിചെയ്യുന്നത്. ഡിസംബർ രണ്ടാംവാരത്തോടെ ഉത്സവം പോലെ കൊണ്ടാടുന്ന കൊയ്ത്ത് തുടങ്ങും.
ഹരിത മനോഹര ഗ്രാമം
വയനാട്ടിലെ പ്രാചീന ഗ്രാമം കൂടിയാണിത്. 600 വർഷം മുമ്പെ ഇവിടെ ജനവാസമുണ്ട്. മലബാർ മാന്വലിൽ ചേകാടിയെക്കുറിച്ച് പരാമർശമുണ്ട്. ഇടനാടൻ ചെട്ടി വിഭാഗവും അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങി ആദിവാസി വിഭാഗക്കാരും ചേകാടിയിലുണ്ട്. 80 ശതമാനവും ഗോത്ര വിഭാഗക്കാരാണ്. നെൽകൃഷിയാണ് പ്രധാന ജീവിത മാർഗം. ജൈവ കൃഷിയിലാണ് ഇപ്പോഴും ഇവരുടെ ശ്രദ്ധ. വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, കൂലി ചെലവ് എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഇവർ കൃഷിയിറക്കുന്നത്.
കബനിതീരത്തായിട്ടും ജലക്ഷാമം
ഗ്രാമത്തിന്റെ ഒരു വശത്തുകൂടെ കബനി ഒഴുകുമ്പോഴും കൃഷി ജലക്ഷാമം നേരിടുകയാണ്. ജലസേചന പദ്ധതിക്കുണ്ടാകുന്ന തകരാറുകളും പമ്പ് ഓപ്പറേറ്റർ ഇല്ലാത്തതുമാണ് ഇവിടുത്തെ മുഖ്യ പ്രശ്നം. പലയിടത്തും കനാലുകൾ തകർന്നുകിടക്കുന്നുമുണ്ട്. ഏറിയ പ്രതിസന്ധികൾക്കിടയിലും കൃഷി കൈവിടാതെ മുന്നോട്ട് പാവുകയാണ് ചേകാടിക്കാർ.
ചേകാടിയിൽ എത്താം
വനപാതയിലൂടെ പുൽപ്പള്ളിയിൽ നിന്ന് പാളകൊല്ലി ഉദയക്കര വഴിയും പാക്കം കുറുവാ ദ്വീപ് പാതയിലൂടെയും പനമരം ദാസനക്കാര കുറുവ ദ്വീപുവഴിയും ബാവലി ഷണമംഗലം വഴിയും ചേകാടിയിൽ എത്താം.
ചേകാടിയിൽ 95 ശതമാനവും ഗന്ധകശാലയാണ് കൃഷി. മുതുമുത്തച്ഛന്മാരായുളള കാർഷിക പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. 450 വർഷം പഴക്കമുളളതാണ് തറവാട്. കൃഷിമറന്ന് കൊണ്ടുളള ജീവിതം ആലോചിക്കാൻ വയ്യ.
കെ.എൻ.അജയകുമാർ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |