തിരുവനന്തപുരം: പന്ത്രണ്ടാം വയസിൽ ചേട്ടനൊപ്പം ബൈക്കിൽ പോകവേയാണ് ഷാന്റെ ജീവിതം മാറിമറിഞ്ഞത്. എതിരെ വന്ന വാഹനം ഇടിച്ച് അരയ്ക്ക് കീഴ്പ്പോട്ട് തകർന്ന് വീൽചെയറിലായി. പക്ഷെ തോറ്റുകൊടുക്കാൻ ഷാൻ തയാറായിരുന്നില്ല. വീൽചെയറിലിരുന്ന് ഇവന്റ് മാനേജ്മെന്റ് ജോലി കോ-കോർഡിനേറ്റ് ചെയ്യുകയാണ് ഷാൻ. ഒപ്പം എന്നും മാനവീയം വീഥിയിൽ അത്യാധുനിക വീൽചെയറിന്റെ സഹായത്താൽ ഷാനെത്തും.
വാഹനാപകടങ്ങളിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് വീൽചെയറിന്റെ സഹായത്താൽ ജീവിതത്തോട് പൊരുതുന്ന ഷാനെപ്പോലുള്ള ഒരുകൂട്ടം ആളുകൾ മാനവീയംവീഥിയിൽ ഇന്നലെ ഒത്തുചേർന്നു. കുടപ്പനക്കുന്ന് സ്വദേശിയായ ഗോകുലിന്റെ നേതൃത്വത്തിൽ രൂപീകൃതമായ കാൻവാക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു ഒത്തുചേരൽ.
പന്ത്രണ്ടാം ക്ലാസിനു ശേഷമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ജീവിതം അവസാനിപ്പിക്കാൻ തയ്യാറായ കൊല്ലം സ്വദേശിയായ കുട്ടിയെ ആത്മഹത്യയുടെ വക്കിൽനിന്ന് ജീവിതത്തിലേക്ക് എത്തിച്ചത് കാൻ വാക്ക് കൂട്ടായ്മയാണ്. ഒത്തുചേരലിൽ തന്റെ അനുഭവം പങ്കുവയ്ക്കാനും അവനെത്തിയിരുന്നു.
വീൽചെയറിലായിട്ടും ജീവിതത്തിൽ പൊരുതിയ അരവിന്ദിന്റെ അമ്മയ്ക്ക് ജീവിതത്തിൽ താണ്ടിവന്ന വേദനയുടെ അനുഭവങ്ങളാണ് പറയാനുണ്ടായിരുന്നത്. തന്റെ സാഹചര്യങ്ങളോട് പൊരുതി എം.ജി. യൂണിവേഴ്സിറ്റി ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസറാണ് അരവിന്ദ്.
ചടങ്ങിൽ എം.വി.ഡി. വിജേഷ്, ഗായകൻ മാർട്ടിൻ, കൂട്ടായ്മയിൽ അംഗങ്ങളായ സുൽഫി മാനവീയം,സിദ്ധാർത്ഥ്, ജിതേഷ് എസ്, അജി കട്ടാക്കട, വിനോദ് കുമാർ,രതീഷ് കരമന എന്നിവരും എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |