കൊല്ലം: ജില്ലാ ആശുപത്രിയിൽ ലിഫ്ട് പണിമുടക്കിയിട്ട് മൂന്ന് ദിവസം. നടക്കാൻ പറ്റാത്ത രോഗികളെ ചുമന്ന് കയറ്റി കൂട്ടിരുപ്പുകാരും ആശുപത്രി ജീവനക്കാരും. ഒ.പികൾ, ലബോറട്ടറി, ഫാർമസി, ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു തുടങ്ങിയവ പ്രവർത്തിക്കുന്ന നാല് നില കെട്ടിടത്തിലെ ലിഫ്ടാണ് തകരാറിലായത്.
കേബിൾ തകരാണ് ലിഫ്ടിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം. ഏജൻസി അധികൃതർ കഴിഞ്ഞദിവസം എത്തി പരിശോധിച്ചെങ്കിലും നന്നാക്കാനായില്ല. ഈ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും സർജിക്കൽ വാർഡ്. അപകടങ്ങളിൽ പരിക്കേറ്റ് ഓർത്തോയിൽ നിന്നടക്കം അഡ്മിറ്റ് ചെയ്യുന്ന രോഗികളാണ് ഇവിടെ കഴിയുന്നത്.
സർജറിക്ക് ശേഷം രോഗികളെ പാർപ്പിക്കുന്ന വാർഡും ഇവിടെയാണ് പ്രവർത്തിക്കുന്നത്. നടക്കാൻ കഴിയാത്ത രോഗികളെ സ്ട്രക്ച്ചറിൽ കിടത്തി കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് മുകളിലത്തെ നിലയിൽ എത്തിക്കുന്നത്.
സർജറിക്ക് ശേഷം രോഗികളെ നിരീക്ഷണത്തിനായി മാറ്റുന്ന എസ്.ഐ.സി.യുവിലേക്ക് കൊണ്ടുപോകാനും ഐ.സി.യുവിൽ നിന്ന് രോഗികളെ തിരികെ വാർഡിലെത്തിക്കാനും വനിതാജീവനക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. ക്ലീനിംഗിന് ശേഷം വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങളും കഴുകാനുള്ള ഷീറ്റുകളുമെല്ലാം ഈ ലിഫ്ടിലൂടെയാണ് കൊണ്ടുപോയിരുന്നത്.
കൈയിൽ തൂങ്ങി കയറ്റം
കലൊടിഞ്ഞ് വീൽച്ചെറിൽ കൊണ്ടുവരുന്ന രോഗികളെ താങ്ങിപ്പിടിച്ച് പടികൾ കയറ്റണം
എക്സറേയെടുക്കാനും ലാബിൽ പോകാനും ഇത്തരത്തിൽ കൈയിൽ തൂങ്ങണം
കെട്ടിടത്തിലെ രണ്ടാംനിലയിലാണ് സ്ത്രീ-പുരുഷ മെഡിക്കൽ വാർഡുകൾ
മൂന്നാംനിലയിലാണ് ഐ.സി.യു
നടക്കാൻ പറ്റാത്ത രോഗികളെ പോലും താങ്ങിപ്പിടിച്ച് മുകളിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. ലിഫ്ട് തകരാർ എത്രയും വേഗം പരിഹരിക്കണം.
രോഗികൾ
ലിഫ്ട് കേടായ ഉടൻ തന്നെ ബന്ധപ്പെട്ട ഏജൻസിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ആളെത്തി തകരാർ പരിശോധിച്ചു. എത്രയും വേഗം ശരിയാക്കും.
ജില്ലാ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |