
ടാക്സി ഡ്രൈവർമാരുടെയും ബൈക്ക് യാത്രികരുടെയും മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വാർത്തകളാണ് നാം പലപ്പോഴും കേൾക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രാത്രി ഏറെ വൈകി യാത്ര ചെയ്ത യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറാണ് സോഷ്യൽ മീഡിയയിലെ താരം. തനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഇത് മാറിയെന്ന് യാത്രക്കാരിയായ യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ആശ മാനെ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചത്. രാത്രി 11.45നാണ് 38 കിലോമീറ്റർ ദൂരത്തേക്ക് ആശ ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. ഫോണിൽ ആറ് ശതമാനം മാത്രമായിരുന്നു ചാർജ് ഉണ്ടായിരുന്നത്. വേഗത്തിൽ വീട്ടിലെത്തേണ്ടതിനാൽ ഡ്രൈവറോട് 'അണ്ണാ, വേഗത്തിൽ പോകാമോ?' എന്ന് ആശ ചോദിക്കുകയായിരുന്നു.
'എന്നാൽ ഏതാനും കിലോമീറ്റർ കഴിഞ്ഞപ്പോൾ ബൈക്ക് ഒരു കുഴിയിൽ ചാടുകയും വാഹനത്തിന്റെ ചെയിൻ പൊട്ടുകയും ചെയ്തു. ഇരുട്ട് നിറഞ്ഞ ഒഴിഞ്ഞ റോഡായിരുന്നു. ഒരു കടപോലും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഞാനും അണ്ണനും റോഡിൽ കുടുങ്ങി,' ആശ പോസ്റ്റിൽ പറയുന്നു. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർക്ക് യാത്ര അവസാനിപ്പിക്കുകയോ റീബുക്ക് ചെയ്യുകയോ ചെയ്യാം. എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകൾ തന്നെ വല്ലാതെ സ്പർശിച്ചെന്ന് ആശ പറയുന്നു. 'പേടിക്കേണ്ട, നമുക്കിത് ശരിയാക്കിയ ശേഷം പെട്ടെന്ന് വീട്ടിലെത്താം,' ആ ഒരു ഒറ്റ വാക്കാണ് തനിക്ക് ആശ്വാസമായതെന്ന് യുവതി പറഞ്ഞു.
'അദ്ദേഹം പിന്മാറുന്നില്ലെങ്കിൽ ഞാനും പിന്മാറില്ലെന്ന് എന്റെ മനസ് പറഞ്ഞു. സഹയാത്രികനെ പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന പാഠനം ഒരു റൈഡർ എന്ന നിലയിൽ ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ തന്നെ നിന്നത്' യുവതി കുറിച്ചു. ശേഷം, മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് നടുറോഡിൽ ഡ്രൈവർക്കൊപ്പം ആശ ഇരുന്നു. യാതൊരു പരാതികളോ നിരാശയോ ഇല്ലാതെ 10 മിനിട്ടിനുള്ളിൽ അദ്ദേഹം ചെയിൻ ശരിയാക്കി. അർദ്ധരാത്രി രണ്ട് അപരിചിതർ തമ്മിലുള്ള നിശബ്ദമായ ടീം വർക്കായിരുന്നു അതെന്നാണ് ആശ വിശേഷിപ്പിച്ചത്.
ഒടുവിൽ, പുലർച്ചെ ഒരു മണിയോടെ തന്നെ സുരക്ഷിതമായി അദ്ദേഹം വീട്ടിലെത്തിച്ചുവെന്നും ആശ പറയുന്നു. 'ലോകത്ത് തെറ്റായ കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ശരിയായത് തിരഞ്ഞെടുക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്ന് നമ്മൾ മറന്നുപോകുന്നു. ആയിരം മോശം അനുഭവങ്ങൾക്കിടയിൽ, മനുഷ്യരിലും സുരക്ഷയിലും മനുഷ്യത്വത്തിലും നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്ന ചിലരുണ്ടാകും', ആശ മാനെ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |