
ശബരിമല : വൃശ്ചികപ്പുലരിയിൽ ശബരീശ സന്നിധിയിലെത്തിയത് ഭക്തസഹസ്രങ്ങൾ. മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 3ന് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ പുണ്യദർശനം തേടി ഇരുമുടിക്കെട്ടുമായി കാത്തുനിന്ന തീർത്ഥാടകർ ശരണാരവങ്ങളോടെ പതിനെട്ടാംപടി കയറി സന്നിധിയിലേക്ക് ഒഴുകിയെത്തി. നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനുംശേഷം തന്ത്രി കണ്ഠരര് കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. 3.30ന് നെയ്യഭിഷേകം ആരംഭിച്ചു. അഷ്ടാഭിഷേകത്തിനും ഉഷഃപൂജയ്ക്കും ശേഷം കിഴക്കേ മുഖമണ്ഡപത്തിൽ കുട്ടികളുടെ ചോറൂണ് വഴിപാട് നടന്നു. കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നിന് നടതുറന്ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രി 11ന് നടയടച്ചു.
മാളികപ്പുറം ക്ഷേത്രനട മേൽശാന്തി എം.ജി. മനു നമ്പൂതിരി തുറന്നു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഈ വർഷത്തെ ആദ്യ ഭഗവതിസേവയ്ക്ക് അദ്ദേഹം കാർമ്മികനായി. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ്, അഡ്വ. കെ. രാജു, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ഗണേശ്വരൻ പോറ്റി, എ.ഡി.ജി.പി പി.വിജയൻ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |